
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള ആണവ ചർച്ചകൾ പൂർത്തിയാകാൻ 60 ദിവസത്തിലധികം സമയമെടുത്തേക്കുമെന്ന് റിപ്പോർട്ട്. പ്രമുഖ അന്താരാഷ്ട്ര തിങ്ക് ടാങ്കായ ‘ദി സൂഫാൻ സെൻ്ററി’ലെ സീനിയർ ഫെല്ലോ കെന്നത്ത് കാറ്റ്സ്മാനെ ഉദ്ധരിച്ച് അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.മുൻ യുഎസ് പ്രസിഡൻ്റ് ജോ ബൈഡനും നിലവിലെ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ഇറാനുമായി മുൻപ് ചർച്ചകൾ നടത്തിയിട്ടുണ്ടെങ്കിലും ഇതുവരെ അന്തിമ കരാറിലെത്താൻ സാധിച്ചിട്ടില്ലെന്ന് കാറ്റ്സ്മാൻ ചൂണ്ടിക്കാട്ടി.
ആണവ വിഷയങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ വളരെ സങ്കീർണ്ണവും വിശദവുമായതിനാലാണ് കൂടുതൽ സമയമെടുക്കുന്നത്.ഇറാൻ ആണവായുധം നിർമ്മിക്കുന്നതിനുള്ള എല്ലാ വഴികളും അടയ്ക്കുക എന്നതാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യം. ഇതിനായി ഇരുരാജ്യങ്ങളിലെയും സാങ്കേതിക വിദഗ്ദ്ധർ വിശദമായ ചർച്ചകൾ നടത്തേണ്ടതുണ്ട്. പ്രധാനമായും താഴെ പറയുന്ന കാര്യങ്ങളിലാണ് ഇരുവിഭാഗവും ധാരണയിലെത്തേണ്ടത്.
ഇറാൻ നടത്തുന്ന യൂറേനിയം സമ്പുഷ്ടീകരണ പ്രക്രിയകൾ താൽക്കാലികമായി നിർത്തലാക്കുക, ഇറാൻ ഇതിനകം സൂക്ഷിച്ചിട്ടുള്ള ഉയർന്ന അളവിലുള്ള യൂറേനിയം ശേഖരം കൈകാര്യം ചെയ്യുക, ആണവ നിലയങ്ങളിൽ അന്താരാഷ്ട്ര ഏജൻസികൾക്ക് കൃത്യമായ പരിശോധന നടത്തുന്നതിനുള്ള അനുമതി ഉറപ്പാക്കുക ഇത്തരം സങ്കീർണ്ണമായ സാങ്കേതിക വശങ്ങളിൽ വ്യക്തത വരുത്തേണ്ടതിനാൽ ചർച്ചകൾ ലക്ഷ്യത്തിലെത്താൻ രണ്ട് മാസത്തിലധികം സമയമെടുക്കുമെന്നാണ് വിലയിരുത്തൽ.
US-Iran nuclear talks to drag on; experts say it could take more than 60 days to complete














