പശ്ചിമേഷ്യൻ സംഘർഷം; ഖത്തറിൽ നിന്ന് ഇന്ത്യൻ വിമാന സർവീസുകൾ നാളെ പുനരാരംഭിക്കും

കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൽ നിലച്ച ഖത്തറിൽനിന്നുള്ള ഇന്ത്യൻ വിമാന കമ്പനികളുടെ സർവീസുകൾ വെള്ളിയാഴ്ച പുനരാരംഭിക്കും. എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ദോഹയിൽനിന്നു കോഴിക്കോട്ടേക്കുള്ള വിമാനം വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.20-ന് ഷെഡ്യൂൾ ചെയ്തതായി അറിയിപ്പ് വന്നു. എയർ ഇന്ത്യ എക്സ്പ്രസിന് പിന്നാലെ ഇൻഡിഗോയും ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് സർവീസുകൾ തുടങ്ങുന്നുണ്ട്. സർവീസ് പുനരാരംഭിക്കുന്നതോടെ 10000 – 12000 രൂപ നിരക്കിൽ നേരത്തേ എടുത്ത ടിക്കറ്റുകളിൽ പ്രവാസികൾക്ക് നാടണയാനാകും.

ഫെബ്രുവരി 28-നാണ് പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിൽനിന്നുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത്. അതിനു ശേഷം ഖത്തർ എയർവേയ്സ് ചില സർവീസുകൾ നടത്തിയെങ്കിലും അതിലൊക്കെ സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു നിരക്ക്. അങ്ങനെ രണ്ടുമാസത്തോളം സ്‌തംഭനാവസ്ഥയിലായ മേഖലയിൽ കഴിഞ്ഞയാഴ്‌ചയാണ് വിദേശ സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനമായത്. ഖത്തറിലെ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഏപ്രിൽ 21-ന് ഫ്‌ലൈ ദുബായ് സർവീസ് ആണ് ആദ്യം പുനരാരംഭിച്ചത്. ഇതിന്റെ പിറ്റേന്ന് എയർ അറേബ്യയും അതിന് പിന്നാലെ ഒമാൻ എയർ, റോയൽ ജോർദാനിയൻ, ടാർകോ ഏവിയേഷൻ, സിറിയൻ എയർ തുടങ്ങിയ വിമാനക്കമ്പനികളും സർവീസുകൾ പുനരാരംഭിച്ചിരുന്നു.

ഫെബ്രുവരിയിലും മാർച്ചിലുമായി എടുത്ത ടിക്കറ്റുകളിൽ കേരളത്തിലെത്താനാകുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന പ്രവാസികൾക്ക് മുന്നിൽ പല തവണയാണ് എയർ ഇന്ത്യ അത് റീ ഷെഡ്യൂൾ ചെയ്‌തത്‌. ഓരോ തവണയും ഒരാഴ്ച വീതം നീട്ടി പ്രഖ്യാപിച്ച സർവീസുകളിൽ പ്രതീക്ഷയർപ്പിച്ച് പ്രവാസികളുടെ കാത്തിരിപ്പ് തുടരുകയായിരുന്നു. വെള്ളിയാഴ്ചയിലേക്കുള്ള സർവീസിന് കഴിഞ്ഞ ദിവസം മുതൽ വെബ് ചെക്ക് ഇൻ തുടങ്ങിയിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷത്തിനു ശേഷം ഇതാദ്യമായാണ് ഇന്ത്യൻ വിമാന കമ്പനികൾ വെബ് ചെക്ക് ഇൻ അനുവദിച്ചിരിക്കുന്നത്.

West Asian conflict; Indian flights from Qatar to resume tomorrow