
ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ്പശ്ചിമ ബംഗാളിലേത്. 294 നിയസഭാ സീറ്റുകളിലേക്കാണ് മൽസരം എങ്കിലും യഥാർഥ പോരാട്ടം അവിടെ ദീദിയും മോദിയും തമ്മിലാണ്. ബംഗാൾ പിടിക്കാൻ കഴിഞ്ഞ 10 വർഷമായി കിണഞ്ഞുപരിശ്രമിക്കുകയും, എല്ലാ സംവിധാനങ്ങളും അവിടെ പയറ്റുകയും ചെയ്തു കഴിഞ്ഞു ബിജെപി. എന്നാൽ തൃണമുൽ കോൺഗ്രസിന്റെ മമത ബാർനർജി എന്ന വലിയ പോരാളിയെ അങ്ങനെയൊന്നും തോൽപ്പിക്കാൻ സാധിച്ചെന്നു വരില്ല. ആറും എട്ടും ഘട്ടമായി വോട്ടെടുപ്പ് നടക്കാറുള്ള പശ്ചിമബംഗാളില്‍ ഇത്തവണ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ്.
ആദ്യഘട്ടമായി ഏപ്രിൽ 23ന് 152 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും. രണ്ടാം ഘട്ടം ഏപ്രിൽ 29ന് 142 സീറ്റുകളിലേക്കുള്ള വിധിയെഴുത്ത് നടക്കും. സിപിഎം, സിപിഐ, ഫോർവേർഡ് ബ്ലോക്, ആർഎസ്പി ഉൾപ്പെട്ട ഇടതുപക്ഷവും കോൺഗ്രസും തിരഞ്ഞെടുപ്പ് കളത്തിൽ സജീവമാണെങ്കിലും നേർക്കുനേർ പോരാട്ടം ബിജെപിയും തൃണമുൽ കോൺഗ്രസും തമ്മിലാണ്. ഭൂരിപക്ഷ അഭിപ്രായ സർവേകളും മമതാ ബാനർജി നാലാം തവണയും ബംഗാൾ ഭരിക്കും എന്നാണ് പ്രവചിച്ചിരിക്കുന്നത്. ഒപ്പം ബിജെപി 100 കടക്കുമെന്ന് അഭിപ്രായസർവേകൾ ഒരുപോലെ പറയുന്നുമുണ്ട്. അത്ര എളുപ്പമല്ലെങ്കില്‍ ബംഗാളില്‍ പിടിക്കാന്‍ അവസാന മണിക്കൂറുകള്‍ സാധ്യമായതെല്ലാം പയറ്റുകയാണ് ബിജെപി.
സമഗ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) വഴി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ 91 ലക്ഷം ആളുകളെവോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്ത സംസ്ഥാനമാണ് പശ്ചിമബംഗാൾ. അതിൽ ഭൂരിപക്ഷവും മുസ്ലിം ജനവിഭാഗമാണ്. എസ്.ഐ.ആറിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറി എന്ന ആരോപണവുമായാണ് മമത ബാനർജിയുടെ പോരാട്ടം. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സുപ്രീംകോടതിവരെ മമത പോയി. സ്വയം വക്കീലായി ബംഗാൾ മുഖ്യമന്ത്രി കോടതിയിൽ വാദിക്കുന്ന അപൂർവ കാഴ്ച ഇന്ത്യ കണ്ടു. തുടർന്ന് സുപ്രീം കോടതി ഒരു ട്രൈബ്യൂണലിനെ നിയമിച്ചു. കുറേ പേർക്ക് അവരുടെ വോട്ടവകാശം കിട്ടിയെങ്കിലും പലരും ഇപ്പോഴും അതിനു പിന്നാലെ നടക്കുന്നു. ഈ സംഭവത്തോടു കൂടി ബംഗാളിലെ മുസ്ലിം വോട്ടുകൾ കൂട്ടത്തോടെ മമത ബാനർജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോകുമെന്ന് ഉറപ്പാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മുസ്ലിങ്ങളുള്ള രണ്ടാമത്തെ സംസ്ഥാമാണ് ബംഗാൾ.
സത്യത്തിൽ മമത ഏറ്റുമുട്ടന്നത് ബിജെപിയോട് മാത്രമല്ല കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് കൂടിയാണ്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ താഴെ തട്ടിൽ മുതൽ എല്ലാ തിരഞ്ഞെടുപ്പ് സംവിധാനവും കൈകാര്യം ചെയ്യുന്നത് ബിജെപിയുമായി ബന്ധമുള്ളവരാണെന്നും അവർ വലിയ അട്ടിമറി നടത്തുമെന്നും മമതയും കൂട്ടരും ആരോപിച്ചു കഴിഞ്ഞു. എന്നാൽ തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടായിസവും ബൂത്തുപിടിത്തവും ഇത്തവണ ബംഗാളിൽ നടക്കില്ല എന്നാണ് ബിജെപി അതിന് മറുപടി പറയുന്നത്. തൃണമൂൽ നേതാക്കളും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും നേർക്കുനേർ ഏറ്റുമുട്ടിയ വാർത്ത ഇന്ത്യയിൽ ആകെ ചർച്ചയായിരുന്നു. തൃണമുൽ കോൺഗ്രസ് അറിയാൻ എന്നു പറഞ്ഞ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ എക്സിൽ പോസ്റ്റ് ഇടുകയും അത് വലിയ വിവാദത്തിലാവുകയും ചെയ്തിരുന്നു. താനൊരു മുറിവേറ്റ കടുവയാണെന്നും അത് കൂടുതൽ അപകടകാരിയായിരിക്കുമെന്നും മമത ആദ്യം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. അത്തരത്തിൽ തെരുവിൽ ജനങ്ങൾക്ക് ഒപ്പം നിന്ന് പോരാടുന്ന മമതയെ പിടിച്ചു കെട്ടാൻ ബിജെപിക്ക് ഇത്തവണയും സാധിച്ചെന്ന് വരില്ല.
ദില്ലിയില്‍ നിന്നുള്ളവർ ബംഗാളികളെ ആക്രമിക്കുകയാണ് എന്ന തലത്തിലേക്ക് എസിഐആർ വിഷയത്തിൻ്റെ നരേറ്റീവിനെ മാറ്റാനാണ് മമത ശ്രമിച്ചത്. ബംഗാളി അസ്മിത ഇല്ലാതാക്കാൻ വരുന്നവരാണ് ബിജെപി എന്ന പ്രാദേശിക വികാരം അവർ ആളികത്തിക്കുന്നുണ്ട്. ബിജെപി വന്നാൽ ബംഗാളിൽ മാംസവും മൽസ്യവും വിൽക്കാനോ കഴിക്കാനോ ആവില്ല എന്ന തരത്തിലുള്ള പ്രചാരണവും വ്യാപകമാണ്.
മൽസ്യം ബംഗാളി മെനുവിലെ പ്രധാനപ്പെട്ട വിഭവമാണല്ലോ.. ബംഗാളികളുടെ വിവാഹ സമ്മാനത്തിൽ പോലും ഹിൽസ എന്ന മൽസ്യം ഉണ്ട്. അങ്ങനെ ബംഗാളിന്റെ സംസാകാരവുമായി ബന്ധപ്പെടുത്തിയാണ് പ്രചാരണങ്ങളുടെ പോക്ക്.
മറുപക്ഷത്ത് ബിജെപി ശ്രമിച്ചത് അതിതീവ്ര ഹിന്ദു വികാരം ആളികത്തിക്കാനാണ്. ഹിന്ദു ഹിന്ദു ഭായ് ഭായ് മുദ്രാവാക്യം എല്ലാ റാലികളിലും മുഴങ്ങുന്നു. ബിജെപിയുടെ കൊടികളെക്കാള്‍ കൂടുതൽ ജയ് ശ്രീറാം പോസ്റ്ററുകൾ നിറയുന്നു. ഗോവധ നിരോധനം വലിയ വിഷയമായി ചർച്ചയാക്കാന്‍ ശ്രമിക്കുന്നു. ബംഗാളിലെ നുഴഞ്ഞുകയറ്റക്കാരെ മുഴുവൻ നാടുകടത്തുമെന്ന് പ്രധാനമന്ത്രി മോദി തന്നെ പ്രഖ്യാപിക്കുന്നു. നുഴഞ്ഞുകയറ്റക്കാർ എന്നതുകൊണ്ട് ബംഗ്ലാദേശി മുസ്ലീങ്ങളെയാണ് ഉദ്ദേശിക്കുന്നത് എന്ന് എല്ലാവർക്കും അറിയാം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ “ഭയത്തിൽ നിന്നുള്ള മോചനം” എന്ന വാഗ്ദാനമാണ് ബിജെപി മുന്നോട്ടുവയക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാനം നഷ്ടപ്പെട്ടെന്നും ബിജെപി അധികാരത്തിൽ എത്തിയാൻ മമത ബാനർജിയുടെ ഗുണ്ടകളെ ഇല്ലാതാക്കുകയാണ് ആദ്യം ചെയ്യുക എന്നും അമിത് ഷാ പ്രഖ്യാപിച്ചു കഴിഞ്ഞു. വികസനം, തൊഴിലവസരം തുടങ്ങിയ വാഗ്ദാനങ്ങളും ബിജെപി നൽകുന്നു. ഭരണവിരുദ്ധ വികാരം, അഴിമതി എല്ലാം മമതയുടെ ഭരണകാലത്തെ കറുത്ത ഏടുകളാണ്. അതെല്ലാം ബിജെപിക്ക് നേട്ടങ്ങളുമാണ്.
ബിജെപി മറ്റ് സംസ്ഥാനങ്ങളിൽ പരീക്ഷിച്ചു വിജയിച്ച നിരവധി ക്ഷേമപദ്ധതികളാണ് തൃണമുൽ ഇത്തവണയും മുന്നോട്ടു വയ്ക്കുന്നത്. കഴിഞ്ഞ തവണയും സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ട് അവർ നിരവധി പദ്ധതികൾ കൊണ്ടുവന്നിരുന്നു. മാത്രമല്ല ദീദി കെ ബോലോ പോലുള്ള ജനസമ്പർക്ക പരിപാടികൾ സംസ്ഥാനത്ത് ഉടനീളം നടത്തി ജനങ്ങളുമായി നേരിട്ട് ബന്ധം സ്ഥാപിക്കുകയും അതിനനുസരിച്ച് പുതിയ നയങ്ങൾ രൂപംകൊടുക്കുകയും ചെയ്ത ചരിത്രമുണ്ട് മമതക്ക്. അതുപോലെ സ്ത്രീകൾക്ക് 1500 രൂപ പെൻഷൻ, പെൺകുട്ടികൾക്ക് 25000 രൂപ സ്കോളർഷിപ്പ്, 21 -40 നു ഇടയിൽ പ്രായമുള്ള വിദ്യാഭ്യാസമുള്ള യുവാക്കൾക്ക് 5 കൊല്ലത്തേക്ക് മാസം തോറും 1500 രൂപ സ്റ്റൈപെൻഡ്. 5 ലക്ഷത്തിന്റെ സൌജന്യ ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ നിരവധി ക്ഷേമപദ്ധതികളാണ് മമത മുന്നോട്ടു വച്ചത്. ഇതുവഴി സ്ത്രീകളുടെയും യുവാക്കളുടേയും വോട്ട് അവർ ലക്ഷ്യമിടുന്നുണ്ട്.
എന്നാൽ ബംഗാൾ സ്ത്രീകൾക്ക് ജീവിക്കാൻ സുരക്ഷിതത്വമില്ലാത്ത സംസ്ഥാനമാണ് എന്നു തെളിയിക്കാനാണ് ബിജെപിയുടേയും മറ്റ് പ്രതിപക്ഷ പാർട്ടികളുടേയും ശ്രമം. ആർജി കർ മെഡിക്കൽ കോളജിൽ ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർഥിനിയുടെ അമ്മ രത്ന ദേബ്നാഥ് നോർത്ത് 24 പർഗനാസിലെ പാനിഹട്ടിയിലും സന്ദേശ്ഖാലി ഇര രേഖ പത്ര ഗി ഗഞ്ചിലും ബിജെപി ടിക്കറ്റിൽ മൽസരിക്കുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനവിഷയമായിരുന്നു സന്ദേശ്ഖാലിയിൽ സ്ത്രീകൾക്ക് നേരെ നടന്ന അക്രമം. തൃണമൂൽ നേതാവ് ഷാജ്ഹാൻ ഷെയ്ഖിൻ്റെ നേതൃത്വത്തിൽ ഗുണ്ടാസംഘം സ്ത്രീകളെ ആക്രമിച്ചതും മെമ്മീൻപാടം പിടിച്ചെടുത്തതും വലിയ വിവാദമായിരുന്നു.
കാളിഗഞ്ചിൽ കഴിഞ്ഞ വർഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ മൽസരിച്ചു വിജയിച്ച തൃണമൂൽ എംഎൽഎയുടെ ആഘോഷത്തിനിടെ അക്രമം അരങ്ങേറുകയും 10 വയസ്സുകാരി തമന്ന ഷെയ്ഖ് കൊല്ലപ്പെടുകയും ചെയ്തു. ആ സംഭവത്തിലെ പ്രതികളെ പലരേയും ഇനിയും പിടികൂടാനുണ്ട്. തമന്നയുടെ അമ്മ ഇക്കുറി കാളിഗഞ്ചിലെ സിപിഎം സ്ഥാനാർഥിയാണ്. ബംഗാളിലെ വോട്ടർമാരിൽ പകുതിയോളം സ്ത്രീകളാണ് . അവരുടെയും ന്യൂനപക്ഷങ്ങളുടേയും വോട്ട് നേടിയാണ് മമത അധികാരത്തിൽ എത്തിയിരുന്നത്. ഇക്കുറിയും സ്ത്രീകൾ മമതക്ക് ഒപ്പം നിൽക്കുമോ എന്നതാണ് കണ്ടറിയേണ്ട്.
ഹുമയൂൺ കബീർ എന്ന ട്രോജൻ കുതിര
ഇത്തവണത്തെ ബംഗാൾ തിരഞ്ഞെടുപ്പിലെ ഏറ്റവും നാടകീയ സംഭവം അരങ്ങേറിയത് ഹുമയൂൺ കബീർ എന്ന തൃണമുൽ നേതാവിനെ ചുറ്റിപറ്റിയായിരുന്നു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇയാൾ ബിജെപിയിൽ പോയി മൽസരിച്ചു തോറ്റു. വീണ്ടും തൃണമൂലിലേക്ക് തിരികെ വന്നു. ബംഗാളിൽ ബാബ്രി മസ്ജിദ് പണിയുമെന്ന വലിയ വാഗ്ദാനം നൽകി അയാൾ മസ്ജിദിന് ശിലയിടുകയും ഒരുപാട് ആളുകളെ വിളിച്ച് വലിയ പരിപാടി സംഘടിപ്പിക്കുകയും ചെയ്തു.എന്നാൽ ഇയാൾ ബിജെപിയുമായി 1000 കോടിയുടെ ഡീൽ ഉറപ്പിക്കുന്ന വിഡിയോ തൃണമൂൽ പുറത്തുവിട്ടു. അതോടെ അയാളുടെ പദ്ധതി പാളി. വിഡിയോഎഐ നിർമിതമാണ് എന്നാണ് ബിജെപി വാദിക്കുന്നത്. ഒവൈസി മോഡലിൽ മുസ്ലിം വോട്ട് ഭിന്നിപ്പിക്കുകയായിരുന്നു അയാളുടെ തന്ത്രം.
റിസ്ക് എടുക്കാൻ കോൺഗ്രസ്
ഇത്തവണ 294 സീറ്റിലും ഒറ്റക്ക് മൽസരിക്കാനാണ് കോൺഗ്രസിൻ്റെ തീരുമാനം. അതൊരു ധീരമായ തീരുമാനമാണെങ്കിലും അതിൽ റിസ്ക് ഉണ്ട്. ഒന്നും നഷ്ടപ്പെടാനില്ലാത്ത കോൺഗ്രസ് അവരുടെ ഉള്ള അടിത്തറ മെച്ചപ്പെടുത്തി മുന്നോട്ടു വരാൻ ശ്രമിക്കുന്നതിൻ്റെ ഭാഗമായാണ് ഈ തീരുമാനം. എന്നാൽ ഉള്ള വോട്ടുകൾ കൂടി നഷ്ടപ്പെട്ട് കോൺഗ്രസ് അങ്ങേയറ്റം അരികിലേക്ക് മാറ്റപ്പെടുന്ന സാഹചര്യം ഉണ്ടാകുമോ എന്നതാണ് വലിയ ചോദ്യം.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷവും കോൺഗ്രസും സംഖ്യം ചേർന്നായിരുന്നു മൽസരിച്ചിരുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിൽ തൃണമൂലിനൊപ്പം കൂടാൻ പദ്ധതിയിട്ടിരുന്നു എങ്കിലും മമത അതിന് വഴങ്ങിയില്ല. ഇന്ത്യാ സംഖ്യമൊക്കെ അങ്ങ് ഡൽഹിയിൽ മതി എന്ന നിലപാടെടുത്ത മമതയുടെ തൃണമൂൽ 42 സീറ്റിലും ഒറ്റക്കു മൽസരിക്കുകയായിരുന്നു. ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിടുന്ന വലിയ ബുദ്ധിമുട്ടുകളിലൊന്ന് അവർ ആരെ മുഖ്യ ശത്രുവായി കാണും എന്നതാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപിയെയാണോ ബംഗാൾ 15 കൊല്ലമായി ഭരിക്കുന്ന മമതയേയാണോ എതിർക്കേണ്ടത് എന്ന ധർമസങ്കടമാണ് അവർക്ക്. കേരളത്തിൽ പിണറായി വിജയനെ വിമർശിച്ച അതേ രീതിയിൽ മമത ബാനർജിയെ രാഹുൽ ഗാന്ധി അടിമുടി വിമർശിക്കുന്ന വാർത്താ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. അല്ലെങ്കിലും കോൺഗ്രസ് നേതാവ് അധിരഞ്ജൻ ചൌധരിയുടെ കടുത്ത ശത്രുവാണ് മമത.
ഇടതുപക്ഷം ഉയർത്തെഴുന്നേൽക്കുമോ
കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന ചിന്ത ഇടതുപക്ഷ നേതാക്കൾക്കുമുണ്ടായിരുന്നു. കോൺഗ്രസ് ഒരു ബാധ്യതയാണെന്നാണ് ചില ഇടത് നേതാക്കൾ വിലയിരുത്തിയത്.
കേരളത്തിൽ ചിരവൈരികളായ കോൺഗ്രസും സിപിഎമ്മും ബംഗാളിൽ കൈകോർക്കുന്നത് ബിജെപി വലിയ രാഷ്ട്രീയ ആയുധമാക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ബംഗാളിൽ ‘ദോസ്തി’യും കേരളത്തിൽ ‘ഗുസ്തി’യും എന്നു പറഞ്ഞായിരുന്നു ബിജെപി പരിഹാസം
സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി, തുടർച്ചയായി ഏഴ് തവണ പശ്ചിമ ബംഗാൾ ഭരിച്ച ശേഷം, 2011 ൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനോട് പരാജയപ്പെട്ടപ്പോഴും, രാജ്യത്തെ ഏറ്റവും ശക്തമായ ആ ചെങ്കോട്ടയിൽ 40% വോട്ട് വിഹിതം സിപിഎം നിലനിർത്തിയിരുന്നു.വെറും 10 വർഷത്തിനുള്ളിൽ സിപിഎമ്മിന്റെ വോട്ട് വിഹിതം 5% ആയി കുറയുകയും 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നില പൂജ്യത്തിൽ എത്തിച്ചേരുകയും ചെയ്തു.
ഇടതുപക്ഷ വോട്ടുകൾ പോയത് മുഴുവൻ ബിജെപിയിലേക്ക് അയിരുന്നു എന്നത് ഒരു വിരോധാഭാസമാണ്. എന്നാൽ മമത ബാനർജി സർക്കാരിനെതിരായ തങ്ങളുടെ ഭരണവിരുദ്ധ വികാരം പ്രകടിപ്പിക്കാൻ “ഇടതുപക്ഷ” അനുയായികൾ കടുത്ത വലതുപക്ഷമായ ബിജെപിയിലേക്ക് ചാഞ്ഞു എന്നു വേണം കരുതാൻ. സിപിഎം ഭരണം ഇല്ലാതായ 15 വർഷം കൊണ്ട് ബംഗാൾ അതി കഠിനമായി വർഗീയമായി ധ്രുവീകരിക്കപ്പെട്ടു. സെക്കുലറായ , ജനാധിപത്യത്തെ സംരക്ഷിക്കുന്ന ഒരു പാർട്ടി തങ്ങൾ മാത്രമാണ് എന്ന നിലപാടിലാണ് ഇടതു പക്ഷം ഇത്തവണ തിരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. സീനിയറായ നേതാക്കളില്ല എങ്കിലും യുവാക്കളായ ഒരുപാട് പേർ സിപിഎമ്മിനെ പുനരുദ്ധീപിക്കാനായി അടിത്തട്ടു മുതൽ പ്രവർത്തനം നടത്തുന്നുണ്ട്. ഇത്തവണ ഒറ്റക്ക് മൽസരിച്ച് സിപിഎമ്മിന് എന്ത് മാറ്റമാണ് കൊണ്ടുവരാൻ സാധിക്കുക എന്ന് മേയ് നാലിന് അറിയാം.
ഭബാനിപുരിലെ എൽ ക്ളാസിക്കോ
ഇന്ത്യ മുഴുവൻ ഇന്ന് ഉറ്റു നോക്കുന്നത് ബംഗാൾ അസംബ്ളിയിലെ ഭബാനിപുർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പോരാട്ടമാണ്. അവിടെയാണ് മുഖ്യമന്ത്രി മമതാ ബാനർജിയും പ്രതിപക്ഷ നേതാവ് ബിജെപിയുടെ സുവേന്ദു അധികാരിയും നേർക്കുനേർ പോരിനിറങ്ങുന്നത്. ഭബാനിപുരിൽ 2 ലക്ഷം വോട്ടർമാരുണ്ടായിരുന്നു. അതിൽ അൻപത്തിഒന്നായിരം പേർ എസ്ഐആർ വന്നപ്പോൾ വോട്ടർപട്ടികയിൽ നിന്ന് പുറത്തായി. മമതാബാനർജിയുടെ വീട് ഈ മണ്ഡലത്തിലാണ്. കഴിഞ്ഞ തവണ നന്ദിഗ്രാമിൽ സുവേന്ദു അധികാരിയോട് തോറ്റ മമത ഭബാനിപുരിൽ വീണ്ടും മൽസരിച്ചു ജയിക്കുകയായിരുന്നു. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായ സുവേന്ദു ഇത്തവണ ഭബാനിപുരിലും നന്ദിഗ്രാമിലും മൽസരിക്കുന്നുണ്ട്. ബിജെപിയിലേക്ക് കൂടുമാറും മുൻപ് സുവേന്ദു മമത ബാനർജിയുടെ ഏറ്റവും അടുത്ത തൃണമൂൽ നേതാവായിരുന്നു എന്നത് ചരിത്രം.
മമത ബാനർജിയുടെ തന്ത്രങ്ങളോടും ചടുല നീക്കങ്ങളോടും ധൈര്യത്തോടും ഏറ്റുമുട്ടാൻ കഴിവുള്ള ഒരു മുഖ്യമന്ത്രി സ്ഥാനാർഥി ബിജെപി എന്നല്ല മറ്റൊരു രാഷ്ട്രീയ പാർട്ടിയിലും ഇല്ല എന്നതാണ് തൃണമൂലിനുള്ള ഏറ്റവും വലിയ പ്ളസ് പോയിൻ്റ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 48. 5 ശതമാനമായിരുന്നു തൃണമൂലിൻ്റെ വോട്ട്. ബിജെപിക്ക് കിട്ടിയത് 38.4 ശതമാനം. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ 46.2 ശതമാനവും ബിജെപി 39.1 ശതമാനവും വോട്ടുകൾ നേടിയിട്ടുണ്ട്.














