
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടിയതോടെ എൽഡിഎഫിൽ പ്രതിപക്ഷ നേതാവ് ആരാകുമെന്ന ചർച്ചകൾ സജീവമാകുന്നു. തോൽവിയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് നീളുന്ന സാഹചര്യത്തിൽ അദ്ദേഹം പ്രതിപക്ഷ നേതാവാകാൻ സാധ്യത കുറവാണെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. എങ്കിലും പാർട്ടിയിൽ നിന്നുള്ള സമ്മർദ്ദമുണ്ടായാൽ ആദ്യ കുറച്ചു കാലം പിണറായി തന്നെ സഭയിൽ പ്രതിപക്ഷത്തെ നയിച്ചേക്കുമെന്നും സൂചനകളുണ്ട്.
പിണറായി വിജയൻ പദവി ഏറ്റെടുക്കാൻ തയ്യാറായില്ലെങ്കിൽ കേന്ദ്ര കമ്മിറ്റി അംഗമായ കെ.എൻ. ബാലഗോപാലിനാണ് പ്രഥമ പരിഗണന. ഇക്കുറി എൽഡിഎഫ് നിരയിൽ വിജയിച്ച ഏക കേന്ദ്ര കമ്മിറ്റി അംഗമാണ് അദ്ദേഹം. കെ.കെ. ശൈലജ, പി. രാജീവ്, എം.ബി. രാജേഷ് തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം പരാജയപ്പെട്ട സാഹചര്യത്തിൽ സഭയിൽ പരിചയസമ്പന്നനായ ബാലഗോപാലിനെ നിയോഗിക്കാനാണ് സിപിഎമ്മിലെ ആലോചന.
ബാലഗോപാൽ സന്നദ്ധനല്ലെങ്കിൽ സജി ചെറിയാൻ, പി.എ. മുഹമ്മദ് റിയാസ് എന്നിവരുടെ പേരുകളും പരിഗണിക്കപ്പെടുന്നുണ്ട്. ഇതിൽ സജി ചെറിയാനാണ് പാർട്ടിയിലെ സീനിയോറിറ്റിയിൽ മുൻതൂക്കം. തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പുറത്തുവന്നതിന് പിന്നാലെ ചേരുന്ന എൽഡിഎഫ് യോഗത്തിലും സിപിഎം സംസ്ഥാന സമിതിയിലുമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുക.
Who Will Be the Opposition Leader in Kerala? Names Under Discussion















