
ന്യൂഡൽഹി: മാസങ്ങൾ നീണ്ടുനിന്ന വാശിയേറിയ പ്രചാരണങ്ങൾക്കും വോട്ടെടുപ്പിനും ഒടുവിൽ രാജ്യം ഉറ്റുനോക്കുന്ന കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന് പുറത്തുവരും. കേരളം, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, അസം എന്നീ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിക്കും വേണ്ടിയുള്ള സർവ്വേ ഫലങ്ങളാണ് ഇന്ന് വൈകുന്നേരം 6:30-ഓടെ പ്രമുഖ വാർത്താ ഏജൻസികളടക്കം പുറത്തുവിടുക.
ബംഗാളിൽ അവസാന ഘട്ട വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെയാണ് രാജ്യത്തെ പ്രമുഖ ചാനലുകളടക്കം എക്സിറ്റ് പോൾ പ്രവചനങ്ങൾ ആരംഭിക്കുക. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ചട്ടപ്രകാരം വോട്ടെടുപ്പ് അവസാനിക്കും മുൻപ് ഇത്തരം ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിലക്കുണ്ട്. ബംഗാൾ നിയമസഭയിലേക്കുള്ള നിർണ്ണായകമായ രണ്ടാം ഘട്ട വോട്ടെടുപ്പാണ് ഇന്ന് പൂർത്തിയാകുന്നത്. കൊൽക്കത്ത, ഹൗറ, നാദിയ, ഹൂഗ്ലി തുടങ്ങിയ പ്രധാന ജില്ലകളിലെ 142 മണ്ഡലങ്ങളാണ് ഇന്ന് വിധി എഴുതുന്നത്. മുഖ്യമന്ത്രി മമത ബാനർജിയുടെ കരുത്തുറ്റ കോട്ടകളിൽ ഇത്തവണ വലിയ മുന്നേറ്റമുണ്ടാക്കാനാണ് ബിജെപി ശ്രമിച്ചത്. ഏപ്രിൽ 23-ന് നടന്ന ഒന്നാം ഘട്ടത്തിൽ 152 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പിൽ 91–93% എന്ന റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണിതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാർ വ്യക്തമാക്കി.
കേരളം ആർക്കൊപ്പം
പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ കീഴ്വഴക്കങ്ങൾ തകർത്ത് കേരളം വീണ്ടും ചരിത്രമെഴുതാൻ ഒരുങ്ങുന്നു. 140 നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന വോട്ടെടുപ്പിൽ 87.2 ശതമാനം എന്ന റെക്കോർഡ് പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. 2021-ൽ രേഖപ്പെടുത്തിയ 77 ശതമാനത്തെക്കാൾ 10 ശതമാനത്തോളം വർദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഈ ഉയർന്ന പോളിംഗ് ആരെ തുണയ്ക്കുമെന്ന സൂചനകൾ നൽകുന്ന എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന് വൈകുന്നേരം പുറത്തുവരും. 1980-കൾ മുതൽ കേരളത്തിലെ ജനവിധി കൃത്യമായി പ്രവചിക്കുന്നതിൽ എക്സിറ്റ് പോളുകൾ വിജയിച്ചിട്ടുണ്ട്. തമിഴ്‌നാട്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ വിജയിയെ കണ്ടെത്താൻ സർവ്വേകൾക്ക് വേഗത്തിൽ സാധിക്കാറുണ്ട്. എന്നാൽ ജയപരാജയങ്ങളുടെ ആഴം പ്രവചിക്കുന്നതിൽ പലപ്പോഴും പിഴവുകൾ സംഭവിക്കാറുണ്ട്. ഇത്തവണത്തെ റെക്കോർഡ് പോളിംഗും നിശബ്ദ വോട്ടർമാരുടെ സാന്നിധ്യവും സർവ്വേ ഏജൻസികൾക്ക് വലിയ വെല്ലുവിളിയാണ്.
2021ലെ 11 എക്സിറ്റ് പോൾ ഫലങ്ങളിൽ ആറും എൽഡിഎഫിന് അനുകൂലമായിരുന്നു. 84–92, 104–120, 93–111, 72–79, 72–80, 71–77 എന്നിങ്ങനെയായിരുന്നു ആ പ്രവചനങ്ങൾ. വോട്ടെണ്ണിയപ്പോൾ 99 സീറ്റുമായി എൽഡിഎഫ് അധികാരം നിലനിർത്തി. 11ൽ ഒരു എക്സിറ്റ് പോളിൽ മാത്രമാണ് യുഡിഎഫ് മുന്നിലെത്തിയത്. ഇത്തവണ വോട്ടെടുപ്പിനു മുൻപു പുറത്തുവന്ന സർവേഫലങ്ങൾ സമ്മിശ്രമായിരുന്നു; എൽഡിഎഫിനും യുഡിഎഫിനും സാധ്യത കൽപിക്കപ്പെട്ടു. ചിലതിൽ ഒപ്പത്തിനൊപ്പമുള്ള മത്സരവും പ്രവചിക്കപ്പെട്ടു. തുടർച്ചയായ മൂന്നാം തവണയും ഭരണം നേടി എൽഡിഎഫ് ചരിത്രം കുറിക്കുമോ അതോ ഭരണവിരുദ്ധ വികാരം യുഡിഎഫിനെ അധികാരത്തിൽ എത്തിക്കുമോ എന്ന ചോദ്യത്തിനുള്ള ആദ്യ ഉത്തരമാകും ഇന്നത്തെ എക്സിറ്റ് പോളുകൾ.
പുതുച്ചേരിയിൽ 1964-ന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിംഗ്
പുതുച്ചേരിയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. 1964-ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായ 89.87 ശതമാനം പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇതിനുമുമ്പ് 2011-ൽ രേഖപ്പെടുത്തിയ 85.57 ശതമാനമായിരുന്നു ഏറ്റവും ഉയർന്ന കണക്ക്. കരയ്ക്കൽ, മാഹി, യാനം ഉൾപ്പെടെയുള്ള 30 മണ്ഡലങ്ങളിലും വോട്ടെടുപ്പ് സമാധാനപരമായിരുന്നു. തിരുക്കാനൂർ ഗ്രാമത്തിൽ നടന്ന ചെറിയ സംഘർഷമൊഴികെ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. ഭരണകക്ഷിയായ എൻ.ഡി.എ സഖ്യവും കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷവും തമ്മിൽ ശക്തമായ പോരാട്ടം നടന്ന ഇത്തവണ, വിജയിൻ്റെ ടി.വി.കെ, സീമാൻ്റെ എൻ.ടി.കെ എന്നീ പുതിയ കക്ഷികളുടെ സാന്നിധ്യം മത്സരത്തിൻ്റെ ആവേശം കൂട്ടി. മുഖ്യമന്ത്രി എൻ. രംഗസാമിയും പി.സി.സി പ്രസിഡൻ്റ് വി. വൈത്തിലിംഗവും നേർക്കുനേർ വരുന്ന തട്ടാഞ്ചാവടി മണ്ഡലത്തിലാണ് ഏവരും ഉറ്റുനോക്കുന്ന പ്രധാന പോരാട്ടം നടക്കുന്നത്.
സെൻട്രൽ അസമിൽ പോളിംഗ് കുതിച്ചുയർന്നു
അസം നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗാണ് (85.9%) ഇത്തവണ രേഖപ്പെടുത്തിയത്, ഇത് മുൻ തിരഞ്ഞെടുപ്പുകളിലെ റെക്കോർഡുകളെ മറികടന്നു. സെൻട്രൽ അസമിലും ബോഡോലാൻഡ് റീജിയണിലും വോട്ട് വർദ്ധനവ് ദൃശ്യമായപ്പോൾ, ലോവർ അസമിലെ വോട്ട് വർദ്ധനവ് നിർണ്ണായകമായി കണക്കാക്കപ്പെടുന്നു.
മുസ്ലിം ഭൂരിപക്ഷ മേഖലകളിലെ ഉയർന്ന പോളിംഗ് ഇത്തവണ ശ്രദ്ധേയമായി, 10 ജില്ലകളിൽ ശരാശരി 4.7 ശതമാനം വോട്ട് വർദ്ധനവാണ് രേഖപ്പെടുത്തിയത്. ധുബ്രി, നാഗാവ്, ശ്രീഭൂമി, ദരാംഗ്, മോറിഗാവ് ജില്ലകളിൽ പോളിംഗ് ശതമാനം ഗണ്യമായി ഉയർന്നപ്പോൾ അപ്പർ അസമിലും ഹിൽ ഡിസ്ട്രിക്റ്റുകളിലും നേരിയ വർദ്ധനവാണ് ഉണ്ടായത്.
തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് ഒറ്റഘട്ടമായാണ് പൂർത്തിയായത്. ഭരണകക്ഷിയായ ഡി.എം.കെയും പ്രധാന പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുച്ചത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തുടർച്ചയായ രണ്ടാം ഊഴം ലക്ഷ്യമിടുമ്പോൾ, എടപ്പാടി കെ. പളനിസ്വാമിയുടെ നേതൃത്വത്തിൽ അധികാരം തിരിച്ചുപിടിക്കാനാണ് എ.ഐ.എ.ഡി.എം.കെ ശ്രമിക്കുന്നത്. വിജയിയുടെ തമിഴക വെട്രി കഴകം, സീമാന്റെ നാം തമിഴർ കക്ഷി തുടങ്ങിയ പ്രാദേശിക കക്ഷികളുടെ സാന്നിധ്യം ഇത്തവണത്തെ മത്സരത്തിന് പുതിയ ആവേശം നൽകിയിട്ടുണ്ട്. വോട്ടർമാരുടെ സജീവമായ പങ്കാളിത്തം പ്രകടമായ വോട്ടെടുപ്പിൽ, പോളിംഗ് ശതമാനത്തിലുണ്ടായ വർദ്ധനവ് വിജയസാധ്യതകളെ എങ്ങനെ ബാധിക്കുമെന്ന ആകാംക്ഷയിലാണ് മുന്നണികൾ. തമിഴ് രാഷ്ട്രീയത്തിൽ നിർണ്ണായകമാകുന്ന ഫലപ്രഖ്യാപനത്തിനായി രാജ്യം കാത്തിരിക്കുകയാണ്.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശന നിർദ്ദേശമുള്ളതിനാൽ വോട്ടെടുപ്പ് അവസാനിക്കുന്ന വൈകുന്നേരം 6.30-ന് ശേഷമേ ഫലങ്ങൾ പ്രസിദ്ധീകരിക്കാൻ സാധിക്കൂ. ജനവിധി ആർക്കൊപ്പമാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. എക്സിറ്റ് പോൾ പ്രവചനങ്ങൾ ഇന്ന് പുറത്തുവരുമെങ്കിലും, ഔദ്യോഗികമായ വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 ഞായറാഴ്ചയാണ് നടക്കുക.
Who will rule in five states including Kerala and Tamil Nadu? Exit poll results to be out by this evening














