ഒപ്പിടാത്ത ബില്ലുകളില്‍ ഉടന്‍ തീരുമാനമെടുക്കണം; പഞ്ചാബ് ഗവര്‍ണറോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഒപ്പിടാത്ത ബില്ലുകളില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് പഞ്ചാബ് ഗവര്‍ണറോട് സുപ്രീംകോടതി. സഭാ സമ്മേളനം സാധുവല്ലെന്ന് ചൂണ്ടിക്കാട്ടി ബില്ലില്‍ ഒപ്പിടാതിരുന്ന നടപടി ഭരണഘടനാപരമല്ലെന്നും സ്പീക്കറാണ് സഭയുടെ അവകാശങ്ങളുടെ സംരക്ഷകനെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമസഭ പാസ്സാക്കിയ ബില്ലില്‍ ഉടന്‍ തീരുമാനം കൈക്കൊള്ളാനും സുപ്രീംകോടതി ഗവര്‍ണറോട് ആവശ്യപ്പെട്ടു.

ജൂണ്‍ 19,20 തീയതികളില്‍ ചേര്‍ന്ന നിയമസഭാ സമ്മേളനം സാധുവല്ലെന്ന് പറഞ്ഞാണ് പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് നിയമസഭ പാസ്സാക്കിയ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാതിരുന്നത്. ഇതേത്തുടര്‍ന്നാണ് ഭഗവന്ത് മന്നിന്റെ നേതൃത്വത്തിലുള്ള എഎപി സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.

എന്നാല്‍ നിയമസഭാ സമ്മേളനം സാധുവാണെന്നാണ് കോടതി വിധിച്ചത്. അതിനാല്‍ തന്നെ ജൂണ്‍ 19 ന് ചേര്‍ന്ന സമ്മേളനത്തില്‍ പാസ്സാക്കിയ ബില്ലും സാധുവാണെന്നും കോടതി വിലയിരുത്തി. സഭാ സമ്മേളനം സാധുവാണോ അല്ലയോ എന്ന് ഗവര്‍ണര്‍മാര്‍ക്കെങ്ങനെ വിധി പറയാന്‍ കഴിയുമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. ഗവര്‍ണര്‍മാര്‍ ഇത്തരത്തില്‍ പെരുമാറിയാല്‍ പാര്‍ലമെന്ററി ജനാധിപത്യവും സര്‍ക്കാരും എങ്ങനെ മുന്നോട്ടുപോകുമെന്ന് കോടതി ചോദിച്ചു.

More Stories from this section

family-dental
witywide