
മിഷിഗൺ: ഗാസ മുനമ്പിലെ ക്രിസ്ത്യൻ പള്ളിയിൽ ഇസ്രയേൽ നടത്തിയ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മുൻ യുഎസ് റിപബ്ലിക്കൻ കോൺഗ്രസ് അംഗത്തിന്റെ കുടുംബവും. ജസ്റ്റിൻ മാഷ് എന്ന മുൻ യുഎസ് റിപബ്ലിക്കൻ കോൺഗ്രസ് അംഗത്തിന്റെ കുടുംബമാണ് കൊല്ലപ്പെട്ടത്. ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അദ്ദേഹം അറിയിച്ചു.
“ഗാസയിലെ സെന്റ് പോർഫിറിയസ് ഓർത്തഡോക്‌സ് പള്ളിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ എന്റെ നിരവധി ബന്ധുക്കൾ കൊല്ലപ്പെട്ടുവെന്നത് വളരെ സങ്കടത്തോടെ ഇപ്പോൾ സ്ഥിരീകരിച്ചു. ഈ ഫോട്ടോയിൽ കാണുന്ന വയോലയും യാരയും മരിച്ചവരിൽ ഉൾപ്പെടും,” കൊല്ലപ്പെട്ടവരുടെ ഫോട്ടോ പങ്കുവച്ചുകൊണ്ട് ജസ്റ്റിൻ മാഷ് എക്സിൽ കുറിച്ചു.

“പലസ്തീൻ ക്രിസ്ത്യൻ സമൂഹം വളരെയധികം സഹിച്ചു. ഞങ്ങളുടെ കുടുംബം വല്ലാതെ വേദനിക്കുന്നു. ഗാസയിലെ എല്ലാ ക്രിസ്ത്യാനികളെയും കഷ്ടപ്പെടുന്ന എല്ലാ ഇസ്രയേലികളെയും പലസ്തീനികളെയും, അവരുടെ മതമോ വംശമോ എന്തുമാകട്ടെ, ദൈവം കാക്കട്ടെ,” അമാഷ് കുറിച്ചു.
ഗ്രീക്ക് ഓർത്തഡോക്സ് സെന്റ് പോർഫിറിയസ് പള്ളി സമുച്ചയത്തിൽ വെള്ളിയാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 18 പേരാണ് കൊല്ലപ്പെട്ടത്. 500ലേറെ പേർ പള്ളിയിൽ അഭയം പ്രാപിച്ചിരുന്നു.















