
കോട്ടയം : കനത്ത മഴയേത്തുടർന്ന് ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ മണ്ണിടിച്ചിലുണ്ടായി. തീക്കോയി ഗ്രാമപഞ്ചായത്തിലെ ഇഞ്ചിപ്പാറ, ആനിപ്ലാവ് എന്നീ സ്ഥലങ്ങളിൽ ഉരുൾപൊട്ടിയതായി സംശയിക്കുന്നു. മലവെള്ളം അതിവേഗം കുത്തിയൊലിച്ചു ആറിന്റെ കരകളില്‍ നാശനഷ്ടമുണ്ടാക്കി.മലവെള്ളപ്പാച്ചിലിൽ ഒരു റബ്ബർ മിഷൻപുര ഒഴുകിപ്പോയി. കൃഷിനാശവുമുണ്ട്. രാത്രിയോടെ പ്രദേശത്ത് മഴയുടെ ശക്തി കുറഞ്ഞു. വെള്ളികുളം സ്കൂളിൽ ക്യാംപ് ആരംഭിച്ചു.
ഈരാറ്റുപേട്ട – വാഗമൺ റോഡിൽ മണ്ണിടിച്ചിലിനെ തുടർന്നു ഗതാഗതം തടസ്സപ്പെട്ടു. മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഈരാറ്റുപേട്ട – വാഗമൺ റൂട്ടിൽ വാഹന ഗതാഗതം നിരോധിച്ചതായി കോട്ടയം കലക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ റോഡ് ഗതാഗത യോഗ്യമാക്കി. തുടർന്ന് കുടുങ്ങിക്കിടന്ന വാഹനങ്ങൾ കടത്തിവിട്ടു. കനത്ത മഴയുള്ളതിനാല്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും അതിനാല്‍ ഈ വഴി രാത്രി ഗതാഗതം പാടില്ല എന്നും അധികൃതര്‍ അറിയിച്ചു. മഴയ്ക്ക് താല്‍കാലിക ശമനമുണ്ടായെങ്കിലും ജില്ലയില്‍ ജാഗ്രത തുടരുന്നു. നാളെ സംസ്ഥാനത്ത് 9 ജില്ലകളില്‍ എല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.














