
ന്യൂഡല്‍ഹി: സര്‍ക്കാര്‍ അയക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കുന്നതില്‍ ഗവര്‍ണര്‍ക്ക് സമയപരിധി ഇല്ലെന്നും എന്നാല്‍ അതിനര്‍ഥം തീരുമാനം അനന്തമായി നീട്ടാന്‍ കഴിയുമെന്നല്ലെന്നും സുപ്രീം കോടതി. പശ്ചിമബംഗാളിലെ സര്‍ക്കാര്‍ – ഗവര്‍ണര്‍ പോരുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ ഈ നിരീക്ഷണം. പശ്ചിമബംഗാളിലെ സര്‍ക്കാര്‍ – ഗവര്‍ണര്‍ പോര് നിര്‍ഭാഗ്യകരമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
ബംഗാളിലെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട കേസാണ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയിലുളള ബെഞ്ച് പരിഗണിച്ചത്. വിസിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അയച്ചിരിക്കുന്ന ഫയലില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പിട്ടിട്ടില്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ് വി ചൂണ്ടിക്കാണിച്ചു. വാദം പരിഗണിച്ച കോടതി ഗവര്‍ണര്‍ക്ക് ഏതെങ്കിലും ഫയലില്‍ ഒപ്പിടാന്‍ സമയപരിധി ഭരണഘടനയില്‍ നിഷ്‌കര്‍ഷിച്ചിട്ടില്ലെന്നും എന്നാല്‍ അതിന്റെ അര്‍ഥം ഫയലുകളില്‍ ഒപ്പിടാതെ തീരുമാനം അനന്തമായി വൈകിക്കാന്‍ സാധിക്കുമെന്നല്ലെന്നും കോടതി നീരിക്ഷിച്ചു.










