‘മോദിയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി’, കോണ്‍ഗ്രസ് എം.എല്‍.എ കമലേഷ് ഷായും കുടുംബവും ബിജെപിയില്‍ ചേര്‍ന്നു

ഭോപ്പാല്‍: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി, എംഎല്‍എ കമലേഷ് ഷായും കുടുംബവും ബിജെപിയില്‍ ചേര്‍ന്നു.

മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലെ അമര്‍വാരയില്‍ നിന്നുള്ള കമലേഷ് ഷാ മൂന്ന് തവണ എംഎല്‍എയായിട്ടുണ്ട്. ഭാര്യയും ഹരായി നഗര്‍ പാലിക ചെയര്‍പേഴ്‌സണുമായ മാധ്വി ഷാ, സഹോദരിയും ജില്ലാ പഞ്ചായത്ത് അംഗവുമായ കേസര്‍ നേതം എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്.

പാര്‍ട്ടി ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ശിവപ്രകാശ്, മുഖ്യമന്ത്രി മോഹന്‍ യാദവ്, സംസ്ഥാന അധ്യക്ഷന്‍ വിഷ്ണു ദത്ത് ശര്‍മ എന്നിവര്‍ ചേര്‍ന്നാണ് കമലേഷ് ഷായെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. സംസ്ഥാന ബിജെപിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് ചുമതലയുള്ള മഹേന്ദ്ര സിംഗ്, ജോയിന്റ് ഇന്‍ചാര്‍ജ് സതീഷ് ഉപാധ്യായ, മുതിര്‍ന്ന മന്ത്രി കൈലാഷ് വിജയവര്‍ഗിയ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായാണ് കമലേഷ് ഷായും കുടുംബാംഗങ്ങളും ബിജെപിയില്‍ ചേര്‍ന്നതെന്ന് ബിജെപി നേതാവ് പറഞ്ഞു.

2013, 2018, 2023 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അമര്‍വാരയില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റിലാണ് ഷാ വിജയിച്ചത്. ഏപ്രില്‍ 19 ന് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ചിന്ദ്വാര കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥിന്റെ സ്വന്തം ജില്ലയാണ്. നിലവില്‍ ചിന്ദ്വാര നിയമസഭാ സീറ്റില്‍ നിന്നുള്ള എംഎല്‍എയാണ് കമല്‍നാഥ്.

More Stories from this section

family-dental
witywide