‘കോൺഗ്രസ് വയനാട്ടുകാരെ കബളിപ്പിക്കരുതായിരുന്നു’; പ്രിയങ്ക ഗാന്ധിക്കെതിരെ സിപിഐ മത്സരിക്കുമെന്ന് ബിനോയ് വിശ്വം

ഡൽഹി: വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോൺഗ്രസ് വിരുദ്ധ വോട്ടുകൾ ബിജെപിയിലേക്ക് പോകുമെന്നും അത് തടയാനാണ് സിപിഐ മത്സരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥിത്വം എഐസിസി നേതൃത്വം വ്യക്തമാക്കിയതിന് പിന്നാലെയാണ് ബിനോയ് വിശ്വം സിപിഐയുടെ നിലപാട് വ്യക്തമാക്കിയത്.

സിപിഐ മത്സരരംഗം വിടണമെന്ന വാദം ചിലർ ഉന്നയിക്കുന്നുണ്ടെന്നും പാർട്ടി സ്ഥാനാർഥി തന്നെ വയനാട്ടിൽ മത്സരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. വയനാട്ടിൽ സിപിഐ നേതാവ് ആനി രാജയാണ് എൽഡിഎഫിനായി മത്സരിച്ചത്. രാഹുൽ ഗാന്ധി 3.64 ലക്ഷം വോട്ടിനാണ് വിജയിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മൂന്നാം സ്ഥാനത്തായി.

രാഹുൽ ഗാന്ധി ഒഴിയുന്ന പശ്ചാത്തലത്തിലാണ് പ്രിയങ്ക ഗാന്ധി വയനാട്ടിൽ മത്സരിക്കുക. ഇതാദ്യമായാണ് പ്രിയങ്ക ഗാന്ധി ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി മത്സരിച്ച റായ്ബറേലിയിലും വയനാട്ടിലും വിജയിച്ചതോടെയാണ് ഒരു സീറ്റ് ഒഴിയാൻ തീരുമാനിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ റായ്ബറേലി സീറ്റ് രാഹുൽ ഗാന്ധി നിലനിര്‍ത്താനായിരുന്നു ഇന്ന് ചേര്‍ന്ന കോൺഗ്രസിൻ്റെ ഉന്നതതല നേതൃയോഗത്തിൽ തീരുമാനിച്ചത്. പകരം പ്രിയങ്ക ഗാന്ധിയെ വയനാട്ടിൽ മത്സരിപ്പിക്കാനും യോഗം തീരുമാനിക്കുകയായിരുന്നു.

Also Read

More Stories from this section

family-dental
witywide