രാഹുലിന്റെയും പ്രിയങ്കയുടെയും വ്യക്തിഗത പ്രകടനമായി പ്രതിഷേധം മാറി, ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികൾക്ക് കടുത്ത അതൃപ്തി? ഖേദം പ്രകടിപ്പിച്ച് കോൺഗ്രസ്

ന്യൂഡൽഹി: ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് ഇന്ത്യാ മുന്നണി നടത്തിയ പ്രതിഷേധ മാർച്ചിനിടെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നടത്തിയ കുത്തിയിരിപ്പ് സമരം ശ്രദ്ധാകേന്ദ്രമായതിൽ മുന്നണിയിലെ ഘടകകക്ഷികൾക്ക് കടുത്ത അതൃപ്തിയെന്ന് റിപ്പോർട്ട്. സംയുക്ത പ്രതിപക്ഷ പ്രതിഷേധം ഒടുവിൽ ഗാന്ധി സഹോദരങ്ങളുടെയും കോൺഗ്രസിന്റെയും വ്യക്തിഗത പ്രകടനമായി മാറിയെന്നാണ് സഖ്യകക്ഷികളുടെ പ്രധാന വിമർശനം. മറ്റു പ്രതിപക്ഷ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റിയപ്പോൾ, ഗാന്ധി സഹോദരങ്ങൾ ആകാശവാണി ഭവനിൽ സമരം ചെയ്ത് മാധ്യമശ്രദ്ധ മുഴുവൻ കവർന്നെടുത്തു എന്നാണ് ഘടകകക്ഷികളുടെ വികാരമെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

വോട്ടർ പട്ടികയിലെ പ്രത്യേക തീവ്രപരിഷ്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതിഷേധിച്ച്, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു ഇന്ത്യാ മുന്നണിയുടെ മാർച്ച്. ചൊവ്വാഴ്ച പാർലമെന്റിന് മുന്നിൽ ഇരുനൂറോളം പ്രതിപക്ഷ എം.പിമാർ ഒത്തുകൂടുകയും തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് മാർച്ച് നടത്തുകയുമായിരുന്നു. എന്നാൽ മാർച്ച് ആകാശവാണി ഭവന് സമീപമെത്തിയപ്പോൾ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള മുതിർന്ന പ്രതിപക്ഷ നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത് മാറ്റി.

ആകാശവാണി ഭവൻ സമുച്ചയത്തിനുള്ളിൽ പ്രവേശിച്ച് പിൻവശത്തെ ഗേറ്റ് വഴി തൊട്ടുമുന്നിലുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് പോകാനായിരുന്നു രാഹുൽ ഗാന്ധി പദ്ധതിയിട്ടിരുന്നതെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. എന്നാൽ പോലീസ് പിൻവശത്തെ ഗേറ്റ് പൂട്ടിയതോടെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മറ്റ് നേതാക്കളും മണിക്കൂറുകളോളം കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു. രാത്രിയോടെ കസ്റ്റഡിയിലായ നേതാക്കളെ കിംഗ്സ്‌വേ ക്യാമ്പിലേക്ക് മാറ്റുകയും രാത്രി 10:15-ഓടെ വിട്ടയക്കുകയും ചെയ്തു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിക്കുമ്പോൾ എന്തിനാണ് തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചതെന്നും ചില ഘടകകക്ഷികൾ ചോദ്യം ചെയ്തു.

അതേസമയം, സഖ്യകക്ഷികളെ മുൻകൂട്ടി അറിയിക്കാൻ സാധിക്കാത്തതിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഖേദം പ്രകടിപ്പിച്ചു. കോൺഗ്രസ് leadership സാഹചര്യത്തിനനുസരിച്ച് പെട്ടെന്ന് പ്രവർത്തിച്ചതാണെന്ന് അദ്ദേഹം മറ്റു ഇന്ത്യാ മുന്നണി പാർട്ടികളെ അറിയിച്ചു. ആകാശവാണി ഭവനിലെ സമരം മുൻകൂട്ടി ആസൂത്രണം ചെയ്തതല്ലെന്നും അപ്രതീക്ഷിത നീക്കമായിരുന്നുവെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.

INDIA Bloc Allies Displeased Over Rahul Gandhi’s Protest, Call It Personal Show; Congress Expresses Regret

More Stories from this section

family-dental
witywide