“30 വർഷത്തിനിടെ ഇതുപോലൊരു കേസ് കണ്ടിട്ടില്ല”; കൊൽക്കത്ത ബലാത്സംഗ-കൊലപാതക കേസിൽ സുപ്രീം കോടതി

ന്യൂഡൽഹി: കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ ​​കോളജ് ആശുപത്രിയിലെ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസില് സുപ്രീം കോടതി ഇന്ന് വാദം പുനരാരംഭിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. തൻ്റെ കഴിഞ്ഞ 30 വർഷത്തിനിടയിൽ ഇത്തരമൊരു കേസ് കണ്ടിട്ടില്ലെന്നും ബംഗാളിൽ ക്രിമിനൽ നടപടിക്രമം പാലിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വിമർശിച്ചു.

ഡോക്ടർമാർ ജോലിയിൽ തിരികെ പ്രവേശിക്കണമെന്നും ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുതരാൻ തങ്ങൾക്ക് കഴിയുമെന്നും സുപ്രീം കോടതി പറഞ്ഞു. ഡോക്ടർമാർ ജോലി ചെയ്തില്ലെങ്കിൽ പൊതുജനാരോഗ്യ മേഖല എങ്ങനെ പ്രവർത്തിക്കുമെന്നും കോടതി ചോദിച്ചു.

“അവർ ഡ്യൂട്ടിയിലാണെങ്കിൽ ആബ്സെന്റ് മാർക്ക് ചെയ്യില്ല. ഡ്യൂട്ടിയിൽ ഇല്ലെങ്കിൽ നിയമം അനുസരിക്കേണ്ടി വരും. ആദ്യം ജോലിയിൽ പ്രവേശിക്കാൻ പറയുക, ഒരു ഡോക്ടർക്കെതിരെയും ആരും പ്രതികൂല നടപടി സ്വീകരിക്കില്ല. ശേഷം ബുദ്ധിമുട്ട് ഉണ്ടായാൽ, ഞങ്ങളുടെ അടുത്തേക്ക് വരൂ. എന്നാൽ അവർ ആദ്യം ജോലിക്ക് റിപ്പോർട്ട് ചെയ്യട്ടെ,” ചീഫ് ജസ്റ്റിസ് പറഞ്ഞു.

ചില സാഹചര്യങ്ങളിൽ ഡോക്ടർമാരുടെ നിയമനത്തിനായി ആളുകൾ രണ്ട് വർഷത്തോളം കാത്തിരിക്കാറുണ്ടെന്നും പാവപ്പെട്ടവരെ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.