സര്‍ക്കാരിന് ഹൈക്കോടതിയുടെ പ്രഹരം, ഡോ. സിസ തോമസിന്റെ പെന്‍ഷന്‍ ആനുകൂല്യം തടഞ്ഞതിൽ രൂക്ഷ വിമർശനം, ‘അനുചിത നടപടി’

കൊച്ചി: വിരമിക്കല്‍ ആനുകൂല്യം സംസ്ഥാന സർക്കാർ തടഞ്ഞതുമായി ബന്ധപ്പെട്ടുള്ള ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിന്റെ നിയമപോരാട്ടത്തിൽ ഹൈക്കോടതിയിൽ നിന്നും അനുകൂല പരാമർശനം. വിരമിക്കൽ ആനുകുല്യം തട‌ഞ്ഞുവച്ചതിന് സര്‍ക്കാരിനെ വാക്കാൽ പ്രഹരിച്ച ഹൈക്കോടതി, സർക്കാർ നടപടി അംഗീകരിക്കാനാവില്ലെന്നും അനുചിതമെന്നും പരാമർശിച്ചു. ഇത് സിസക്ക് ആശ്വാസമേകുന്നതാണ്.

ജീവനക്കാരുടെ ബാധ്യതകളില്‍ വിരമിക്കും മുന്‍പ് സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ചൂണ്ടികാട്ടി. രണ്ട് വര്‍ഷമായി സര്‍ക്കാര്‍ എന്താണ് അന്വേഷിക്കുന്നതെന്നും കോടതി ചോദിച്ചു. സിസാ തോമസിന്റെ ഹർജിയില്‍ വിശദമായ വാദം കേള്‍ക്കാനും ഹൈക്കോടതി തീരുമാനിച്ചു. അച്ചടക്ക നടപടി നിലനില്‍ക്കുന്നുന്നതിനാലാണ് ആനുകൂല്യം തടഞ്ഞതെന്നാണ് സര്‍ക്കാര്‍ വാദം. അച്ചടക്ക നടപടിയിലെ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതല്ലേ എന്നായിരുന്നു കോടതിയുടെ മറുചോദ്യം.

2023 മാര്‍ച്ച് 31 നാണ് 33 വര്‍ഷത്തെ സേവനത്തിനുശേഷം സിസ തോമസ് വിരമിച്ചത്. എന്നാല്‍ അച്ചടക്ക നടപടിയുടെ പേരില്‍ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ തടഞ്ഞു വെക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് സിസ തോമസ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയും അനുകൂല വിധി നേടിയെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനു ശേഷവും വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയാറായില്ല. തുടര്‍ന്നാണ് സിസ തോമസ് ഹൈക്കോടതിയെ സമീപിച്ചത്.