
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ നടൻ വിജയ്‌യുടെ മിന്നുന്ന വിജയത്തിന് പിന്നാലെ അണ്ണാ ഡിഎംകെയിൽ (എഐഎഡിഎംകെ) ആഭ്യന്തര കലഹം രൂക്ഷമാകുന്നു. എടപ്പാടി കെ. പളനിസ്വാമിയുടെ (ഇപിഎസ്) നേതൃത്വത്തെ വെല്ലുവിളിച്ച് പാർട്ടിയിലെ ഒരു പ്രമുഖ വിഭാഗം വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ പാർട്ടി പിളർപ്പിൻ്റെ വക്കിലാണെന്ന സൂചനകളാണ് പുറത്തുവരുന്നത്.
സി.വി. ഷൺമുഖം, എസ്.പി. വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് വിജയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചത്. “ഇത് പാർട്ടിക്കുള്ള ജനവിധിയല്ല, വിജയ് മുഖ്യമന്ത്രിയാകണമെന്ന ജനങ്ങളുടെ ആഗ്രഹമാണ്” എന്ന് ഷൺമുഖം പ്രസ്താവിച്ചു. അണ്ണാ ഡിഎംകെയുടെ 47 എംഎൽഎമാരിൽ ഭൂരിഭാഗവും തങ്ങൾക്കൊപ്പമാണെന്ന് വിമത വിഭാഗം അവകാശപ്പെടുന്നു. എടപ്പാടി പളനിസ്വാമിക്ക് വെറും 20-22 എംഎൽഎമാരുടെ പിന്തുണ മാത്രമേയുള്ളൂവെന്നും, സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിരതയ്ക്കായി വിജയ്‌യെ പിന്തുണയ്ക്കണമെന്നുമാണ് ഇവരുടെ നിലപാട്.
നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയാണ് പളനിസ്വാമിക്ക് തിരിച്ചടിയായത്. 167 സീറ്റുകളിൽ മത്സരിച്ച അണ്ണാ ഡിഎംകെ വെറും 47 സീറ്റുകളിലൊതുങ്ങി. ജയലളിതയുടെ മരണശേഷം പാർട്ടി നേരിടുന്ന ഏറ്റവും വലിയ തകർച്ചയാണിത്. 234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായാണ് വിജയ്‌യുടെ ടിവികെ ഉയർന്നുവന്നത്. കോൺഗ്രസ് ഉൾപ്പെടെയുള്ള സഖ്യകക്ഷികളുടെ പിന്തുണയുണ്ടെങ്കിലും കേവല ഭൂരിപക്ഷത്തിന് ചെറിയ കുറവുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അണ്ണാ ഡിഎംകെയിലെ ഒരു വിഭാഗത്തിൻ്റെ പിന്തുണ നിർണ്ണായകമാകുന്നത്.
ചെന്നൈയിൽ നടന്ന വിമത എംഎൽഎമാരുടെ രഹസ്യ യോഗത്തിൽ 28 ഓളം പേർ പങ്കെടുത്തതായാണ് റിപ്പോർട്ടുകൾ. പളനിസ്വാമി വിളിച്ചുചേർത്ത ഔദ്യോഗിക യോഗങ്ങൾ ഇവർ ബഹിഷ്കരിക്കുകയും ചെയ്തു. നേതൃമാറ്റം വേണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാകുന്നതോടെ എടപ്പാടി പളനിസ്വാമിയുടെ രാഷ്ട്രീയ ഭാവി വലിയ ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്.
AIADMK on the verge of split? Rebels support Vijay government














