മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ സംഭവം: പ്രതിക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തും; പൊലീസിന് വീഴ്ചയെന്ന വിമർശനത്തിന് പിന്നാലെ നടപടി ശക്തമാക്കി

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ് അധിക്ഷേപിച്ച കേസിൽ പ്രതിക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്താൻ പൊലീസ് തീരുമാനം. ശ്രീകാര്യം സ്റ്റേഷനിലെ റൗഡി പട്ടികയിലുള്ള ചേന്തി അനിലാണ് കേസിൽ പിടിയിലായത്. മുഖ്യമന്ത്രിയെ സമൂഹമധ്യത്തിൽ അവഹേളിക്കുകയെന്ന ഉദ്ദേശത്തോടെയാണ് റോഡിൽ തടഞ്ഞതെന്ന എഫ്.ഐ.ആർ നിലനിൽക്കെ, സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കാളിത്തമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും. ചെമ്പഴന്തി ഗുരുകുലത്തിലെ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിഞ്ഞതോടെ മുഖ്യമന്ത്രിയെ മനപ്പൂർവം ആക്ഷേപിക്കാൻ ഗൂഢാലോചന നടന്നതായാണ് സംശയം.

പ്രതിയെ രാത്രിയിൽ തന്നെ കസ്റ്റഡിയിലെടുത്തുവെങ്കിലും കേസ് കൈകാര്യം ചെയ്തതിൽ പൊലീസിനും പ്രോസിക്യൂഷനും ഗുരുതര വീഴ്ച സംഭവിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് വലിയ വിവാദമായതോടെയാണ് നടപടികൾ ശക്തമാക്കാൻ തീരുമാനിച്ചത്. പ്രതിയെ പിടികൂടുമ്പോൾ കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോൺ ബന്ധുവിന് വിട്ടുനൽകിയതിലും വിമർശനമുയർന്നിരുന്നു. ഈ ഫോൺ തിരികെ ഹാജരാക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകാനും, ഫോറൻസിക് പരിശോധന അടക്കമുള്ള ശാസ്ത്രീയ തെളിവുശേഖരണത്തിലേക്ക് കടക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

പ്രതിയുടെ ജാമ്യാപേക്ഷയിൽ പ്രാഥമിക വാദം നടന്നപ്പോൾ സർക്കാരുമായി ബന്ധപ്പെട്ട അഭിഭാഷകർ മൃദുസമീപനം സ്വീകരിച്ചതും വിവാദമായിരുന്നു. ചെമ്പഴന്തിയിലേത് ഔദ്യോഗിക ചടങ്ങല്ലാത്തതിനാൽ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തി എന്ന കുറ്റം നിലനിൽക്കില്ലെന്ന പ്രതിഭാഗത്തിന്റെ വാദത്തിന് കൃത്യമായ മറുപടി പ്രോസിക്യൂഷൻ നൽകിയിരുന്നില്ല. തുടർന്ന് ജാമ്യഹർജിയെ ശക്തമായി എതിർത്ത് വിശദമായ റിപ്പോർട്ട് നൽകാനും പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

Blockade Against Chief Minister: Police to Add Conspiracy Charges Amid Controversy Over Probe Lapses

Also Read

More Stories from this section

family-dental
witywide