മന്ത്രിസഭ രൂപികരണം; ധനകാര്യവും തുറമുഖവും മുഖ്യമന്ത്രിയ്ക്ക്, സണ്ണി ജോസഫിന് റവന്യു, വകുപ്പ് തീരുമാനമാകാതെ കെ മുരളീധരൻ

തിരുവനന്തപുരം: മന്ത്രിസഭ രൂപീകരണ ചർച്ച തുടരവേ യു.ഡി.എഫ്. സർക്കാരിലെ മന്ത്രിസ്ഥാനങ്ങളിൽ ഏകദേശധാരണയായി. പലവട്ടം നടത്തിയ കൂടിയാലോചനയും മണിക്കൂറുകൾ നീണ്ട ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചർച്ചകളിലുമാണ് ഏകദേശ രൂപമായത്. ലീഗിന് അഞ്ചുമന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഒറ്റ അംഗമുള്ള മൂന്നുകക്ഷികളിൽ സി.എം.പി. നേതാവ് സി.പി. ജോണിന് അഞ്ചുവർഷ മന്ത്രിസ്ഥാനം ലഭിക്കും. ടേം വ്യവസ്ഥയിൽ കെ.ഡി.പി. നേതാവ് മാണി സി. കാപ്പന് അതൃപ്‌തിയുണ്ടെങ്കിലും കാപ്പനും കേരള കോൺഗ്രസ് (ജേക്കബ്) നേതാവ് അനൂപ് ജേക്കബും തമ്മിൽ മന്ത്രിസ്ഥാനം പങ്കുവെക്കും.

രമേശ് ചെന്നിത്തലയ സതീശന്റെ രണ്ടുതവണത്തെ സന്ദർശനത്തിലും വേണുഗോപാലിന്റെ സംസാരത്തിലും വഴങ്ങിപ്പിച്ച് ആഭ്യന്തരവകുപ്പുതന്നെ നൽകി മന്ത്രിസഭയിലുൾപ്പെടുത്തും. ആഭ്യന്തരവും വിജിലൻസുമാകും രമേശ് ചെന്നിത്തലയ്ക്ക് നൽകുക. ധനവകുപ്പ്, തുറമുഖം എന്നിവ മുഖ്യമന്ത്രി വി.ഡി. സതീശന്. ഗതാഗതം സി.പി. ജോൺ (സി.എം.പി.) സണ്ണി ജോസഫിന് റവന്യൂ, എക്സൈസ് വകുപ്പ് എം.ലിജുവിന്, ആരോഗ്യവകുപ്പ് കെ മുരളീധരന് നൽകണമെന്ന് ചർച്ചയിലുണ്ടെങ്കിലും ധാരണയിലെത്തിയിട്ടില്ല.

മന്ത്രിസഭയിൽ കോൺഗ്രസിന് മുഖ്യമന്ത്രിയും 12 മന്ത്രിമാരും സ്പീക്കറും ചീഫ് വിപ്പും ആണ് ഉണ്ടാകുക. കോൺഗ്രസിൽ നിന്ന് രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.പി. അനിൽകുമാർ, ബിന്ദു കൃഷ്ണ, പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവർ മന്ത്രിമാരാകും. മുസ്ലിം ലീഗിന് അഞ്ചുമന്ത്രിസ്ഥാനങ്ങളും എം.കെ. മുനീറിന് നൽകാൻ കഴിയുന്ന ഏതെങ്കിലും പദവിയും ഉണ്ടാകും. പി.കെ. കുഞ്ഞാലിക്കുട്ടി, എൻ. ഷംസുദ്ദീൻ എന്നിവരുടെ കാര്യം ഉറപ്പായി. പാറക്കൽ അബ്ദുള്ള, പി.കെ. ബഷീർ, കെ.എം. ഷാജി, വി.ഇ. അബ്‌ദുൾ ഗഫൂർ, എ.കെ.എം. അഷ്റഫ്, ആബിദ് ഹുസൈൻ തങ്ങൾ എന്നിവരാണ് പരിഗണനയിൽ. തിങ്കളാഴ്ച അന്തിമതീരുമാനമാവും. കൂടാതെ, ആർ.എസ്.പി.യിൽനിന്ന് ഷിബു ബേബി ജോണും മന്ത്രിയാകും.

അതേസമയം, തനിക്കൊപ്പം നിൽക്കുന്ന ഐ.സി. ബാലകൃഷ്ണൻ, അൻവർ സാദത്ത്, ജ്യോതികുമാർ ചാമക്കാല എന്നിവരെ മന്ത്രിസഭയിലേക്ക് പരിഗണിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്. ഷാനിമോൾ ഉസ്‌മാൻ, ടി. സിദ്ദിഖ്, അൻവർ സാദത്ത് എന്നിവരിലൊരാളെ പരിഗണിക്കും. ഐ.സി. ബാലകൃഷ്ണൻ മന്ത്രിയാകുമെങ്കിൽ സിദ്ദിഖിന് സാധ്യതയില്ല. ലീഗിൻ്റെ മന്ത്രിമാരിൽ എറണാകുളത്തുനിന്നുള്ള വി.ഇ. അബ്ദുൾ ഗഫൂർ ഉൾപ്പെട്ടേക്കും. അങ്ങനെയായാൽ, എറണാകുളത്തുനിന്ന് മുസ്ലിം വിഭാഗത്തിൽപ്പെട്ട മറ്റൊരാളെ കോൺഗ്രസ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കില്ല. അൻവർ സാദത്തിന് സാധ്യത മങ്ങും. ഷാനിമോൾക്ക് സാധ്യത കൂടും.

സണ്ണി ജോസഫിന് പുറമേ, റോജി എം. ജോൺ, ചാണ്ടി ഉമ്മൻ, മാത്യു കുഴൽനാടൻ എന്നിവരാണ് കോൺഗ്രസ് മന്ത്രിസഭയിലേക്ക് പരിഗണിക്കുന്ന മറ്റുക്രിസ്ത്യൻ വിഭാഗത്തിൽനിന്നുള്ള പേരുകൾ. ഇതുകൂടാതെ വി.ടി. ബൽറാമുമുണ്ട്. സ്പീക്കർ, ചീഫ് വിപ്പ് പദവിയിലേക്ക് ആരുവരുമെന്നതനുസരിച്ചിരിക്കും ഇവരുടെ മന്ത്രിസ്ഥാനം.

അഞ്ച് എം.എൽ.എ. മാർക്ക് ഒരു മന്ത്രി എന്നതാണ് മുന്നണിയുടെ സമവായം. കേരള കോൺഗ്രസിന് ഏഴ് എം.എൽ.എ.മാരാണ് . 22 എം.എൽ.എ.മാരുള്ള ലീഗിന് അഞ്ചുമന്ത്രിസ്ഥാനം നൽകുന്നുണ്ട്. തങ്ങൾക്ക് രണ്ടുമന്ത്രിസ്ഥാനത്തിന് അവകാശമുണ്ടെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ വാദം. മോൻസ് ജോസഫ് മന്ത്രിയാകുമെന്ന് ഉറപ്പിച്ചിട്ടുണ്ട്. ഒരു മന്ത്രിയും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവുമാണ് അവർക്ക് കോൺഗ്രസ് മുന്നോട്ടുവെക്കുന്നത്. പൊതുമരാമത്ത് വകുപ്പ് ലീഗ് കൈവശംവെക്കുന്നതാണെങ്കിലും കേരള കോൺഗ്രസ് ജോസഫ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. കൃഷി വകുപ്പാണ് കേരള കോൺഗ്രസിന് നൽകാമെന്ന് മറിയിച്ചിട്ടുള്ളത്. ജലവിഭവ വകുപ്പാണ് ആർ.എസ്.പി. ആവശ്യപ്പെട്ടിട്ടുള്ളത്.

അതേസമയം, കോൺഗ്രസ് മന്ത്രിമാരുടെ പട്ടിക ഞായറാഴ്ച രാവിലെ ദേശീയനേതൃത്വത്തിന് കൈമാറും. എ.ഐ.സി.സി. അനുമതിയോടെയാണ് പ്രഖ്യാപിക്കുക. മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളുടെയും പേരുകൾ ഞായറാഴ്ച ഉച്ചയോടെ ഗവർണർക്ക് കൈമാറും. തിങ്കളാഴ്ച മുഴുവൻ മന്ത്രിമാരും ഒരുമിച്ചാണ് സത്യപ്രതിജ്ഞ ചെയ്യുക.

Cabinet formation; Finance and Ports to CM, Revenue to Sunny Joseph, K Muraleedharan’s department yet to be decided

More Stories from this section

family-dental
witywide