‘തോറ്റ സ്ഥാനാർത്ഥിയല്ല, ശക്തമായി പോരാടി എതിർപക്ഷത്തെ വെല്ലുവിളിച്ച പോരാളി’; പിണറായിയെ വിറപ്പിച്ച അബ്‍ദുൾ റഷീദിനെ വാഴ്ത്തി ദീപ്തി മേരി വർഗീസ്

കൊച്ചി: എല്ലാ വിജയങ്ങളേക്കാളും മധുരമുള്ളതാണ് ആദ്യ റൗണ്ടുകളിൽ പിണറായി വിജയയനെ കനത്ത വെല്ലുവിളിച്ച പ്രിയ സഹോദരൻ വി പി അബ്ദുൽ റഷീദിന്റെ പോരാട്ടമെന്ന് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്. പിണറായി വിജയൻ അക്ഷരാർത്ഥത്തിൽ സമ്മർദ്ദത്തിലായിരുന്നുവെന്നും, പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടായിരുന്നിടങ്ങളിലൊക്കെ അബ്ദുൽ റഷീദ് മുൻതൂക്കം നേടിയെന്നും അവർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ സ്വന്തം പഞ്ചായത്തിലുപോലും കോൺഗ്രസിന്റെ യുവ നേതാവ് ലീഡ് നേടിയത് ശ്രദ്ധേയമായിരുന്നുവെന്നും, അബ്ദുൽ റഷീദ് തോറ്റ സ്ഥാനാർത്ഥിയല്ല, മറിച്ച് ശക്തമായി പോരാടി എതിർപക്ഷത്തെ വെല്ലുവിളിച്ച പോരാളിയാണെന്നും അവർ കുറിച്ചു.

സിപിഎമ്മിന്റെ ശക്തികേന്ദ്രമായ ധർമ്മടം മണ്ഡലത്തിൽ ഇത്തവണ ശക്തമായ പോരാട്ടമാണ് നടന്നത്. ഭരണത്തിലുള്ള മുഖ്യമന്ത്രിയെ നേരിടാൻ യുഡിഎഫ് യുവ കോൺഗ്രസ് നേതാവായ വി.പി. അബ്ദുൾ റഷീദ്നെ രംഗത്തിറക്കി. 2021-ൽ തളിപ്പറമ്പിൽ മത്സരിച്ച് എം.വി. ഗോവിന്ദന്റെ ഭൂരിപക്ഷം കുറച്ച അനുഭവസമ്പത്തോടെ എത്തിയ റഷീദ് ഇത്തവണയും അതേ തീവ്രതയിൽ പോരാടി. ആദ്യ ആറ് റൗണ്ടുകളിലെ വോട്ടെണ്ണലിൽ തന്നെ പിണറായി വിജയൻ പിന്നിലായത് തിരഞ്ഞെടുപ്പിനെ കൂടുതൽ ആവേശകരമാക്കി.

കെ. സുധാകരൻ മുതൽ ഷാഫി പറമ്പിൽ വരെ നിരവധി പേരെ പരിഗണിച്ച ശേഷമാണ് കോൺഗ്രസ് അബ്ദുൽ റഷീദിനെ ധർമ്മടത്തേക്ക് നിയോഗിച്ചത്. ‘ജയന്റ് കില്ലർ’ ഇമേജ് നേടിയ റഷീദ്, തളിപ്പറമ്പിലെ അനുഭവം ആവർത്തിക്കുന്ന തരത്തിൽ ശക്തമായ മത്സരം സൃഷ്ടിച്ചു. 2021-ലെ തിരഞ്ഞെടുപ്പിൽ 50,123 വോട്ടുകളുടെ ഭൂരിപക്ഷം നേടിയിരുന്ന പിണറായി വിജയന്റെ ലീഡ് ഇത്തവണ 19,247 ആയി കുറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പിൽ തന്നെ ഈ ലീഡ് ഗണ്യമായി കുറയാൻ യു.ഡി.എഫിന് കഴിഞ്ഞിരുന്നു. ആ ആത്മവിശ്വാസമാണ് അബ്ദുൽ റഷീദിന്റെ പ്രകടനത്തിലും പ്രതിഫലിച്ചത്. അവസാന ഫലം വിജയമായി മാറിയില്ലെങ്കിലും, ധർമ്മടത്തിൽ വി.പി. അബ്ദുൾ റഷീദ് കാഴ്ചവെച്ച പോരാട്ടം ജയത്തോളം വിലപിടിപ്പുള്ള നേട്ടമായി വിലയിരുത്തപ്പെടുന്നു.

More Stories from this section

family-dental
witywide