ഇഡി ഉദ്യോഗസ്ഥർ ബലംപ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചു; മാസപ്പടി കേസിലെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലത്തിൽ ശശിധരൻ കർത്ത

കൊച്ചി: ഇഡി ഉദ്യോഗസ്ഥർ ബലംപ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചുവെന്ന് സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ മൊഴി പകർപ്പിൽ, സിഎംആർഎൽ എംഡി ശശിധരൻ കർത്ത വ്യക്തമാക്കി. ഇഡി ഉദ്യോഗസ്ഥർ ആശുപത്രിയിൽ കിടക്കയിൽ വെച്ചാണ് തന്നെ ചോദ്യം ചെയ്തത്. സിഎംആർഎൽ ഉദ്യോഗസ്ഥരുടെ മൊഴി എന്താണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ശശിധരൻ കർത്ത പറയുന്നു.

പിണറായി വിജയൻ്റെ മകൾ ടി വീണയ്ക്ക് സേവനമില്ലാതെ, പണം നൽകിയെന്ന് ശശിധരൻ കർത്ത സമ്മതിച്ചെന്നാണ് ഇഡി വാദം. ഇത് അടക്കം തള്ളുന്നതാണ് ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം. 2024 ഏപ്രിലിൽ ഇഡി എടുത്ത മൊഴി പിൻവലിക്കണമെന്ന് ശശിധരൻ കർത്ത ആവശ്യപ്പെട്ടു. ആശുപത്രിയിൽ കിടക്കയിൽ ഉള്ള തന്നെ ഇഡി മാനസികമായി പീഡിപ്പിച്ചെന്നും ഇഡി ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തിൽ ആശങ്കയുണ്ടെന്നും ശശിധരൻ കർത്തയും കുടുംബവും പറയുന്നു.

മുമ്പ് സിഎംആർ‌എൽ മുൻ സിഎഫ്ഒ സുരേഷ്കുമാർ, പി എ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസ് എന്നിവരും മൊഴി പിൻവലിക്കൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇഡി ഭീഷണിപ്പെടുത്തിയെന്നായിരുന്നു ഇവർ ആരോപിച്ചിരുന്നത്. എന്നാൽ ഇഡി ഇത് അം​ഗീകരിച്ചിട്ടില്ല. വിചാരണ സമയത്ത് മാത്രമേ അതിൽ നിന്ന് പിന്മാറാനാകുവെന്നും മൊഴി പിൻവലിക്കണമെന്ന ആവശ്യം മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും ഇഡി വ്യക്തമാക്കിയിരുന്നു.

ED officials forcibly put fingerprints on him; Sasidharan Kartha says in affidavit withdrawing statement in Masapadi case

More Stories from this section

family-dental
witywide