സഭ്യതയുടെ അതിരുകൾ കടന്ന പോര്, പിണറായിയുടെ ചെരുപ്പിന്റെ വാറഴിക്കാൻ ജി സുധാകരന് യോഗ്യതയില്ലെന്ന് എച്ച് സലാം, നനഞ്ഞ കോഴി പരിഹാസത്തിന് മറുപടി

ആലപ്പുഴ അമ്പലപ്പുഴയിലെ സി.പി.എം. നേതാക്കൾ തമ്മിലുള്ള രാഷ്ട്രീയ പോര് പുതിയ തലത്തിലേക്ക്. മുഖ്യമന്ത്രി വി.ഡി. സതീശന് മുന്നിൽ നിയമസഭയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നനഞ്ഞ കോഴിയായെന്ന് പരിഹസിച്ച ജി. സുധാകരന് മറുപടിയുമായി എം.എ.എൽ. എച്ച്. സലാം രംഗത്തെത്തി. കള്ളുവാങ്ങി കൊടുത്താൽ ആരെയും തെറിവിളിക്കുന്ന ഒരു കോമാളിയായി ജി. സുധാകരൻ അധപതിച്ചുവെന്നും പിണറായി വിജയന്റെ ചെരുപ്പിന്റെ വാറഴിക്കാൻ പോലും സുധാകരന് യോഗ്യതയില്ലെന്നും എച്ച്. സലാം ഫേസ്ബുക്കിലൂടെ വിമർശിച്ചു. പിണറായി വിജയന്റെ ഔദാര്യം ഒന്നുകൊണ്ട് മാത്രമാണ് സുധാകരന്റെ അഴിമതിവിരുദ്ധ മുഖംമൂടി ഇതുവരെ കീറിപ്പോകാത്തതെന്നും സലാം കൂട്ടിച്ചേർത്തു.

എം.എൽ.എ. ഓഫീസ് ഉദ്ഘാടന ചടങ്ങിലാണ് ജി. സുധാകരൻ പിണറായി വിജയനും സി.പി.എം. നേതൃത്വത്തിനുമെതിരെ രൂക്ഷവിമർശനം ഉയർത്തിയത്. സഭയിൽ വി.ഡി. സതീശൻ പ്രസംഗിച്ചപ്പോൾ മറുപടി പറയാൻ പ്രതിപക്ഷത്ത് ആർക്കും കഴിഞ്ഞില്ലെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാലിന് മിണ്ടാട്ടമില്ലെന്നും സുധാകരൻ പരിഹസിച്ചു. കേരളത്തിന് പുറത്ത് കോൺഗ്രസിന്റെ ഊന്നുവടിയിലാണ് സി.പി.എം. നിൽക്കുന്നതെന്നും പാർട്ടിയുടെ ക്രെഡിബിലിറ്റി നഷ്ടപ്പെട്ടതിനാൽ അടുത്ത കാലത്തൊന്നും നന്നാകില്ലെന്നും അദ്ദേഹം തുറന്നടിച്ചു. കേരളത്തിൽ ഇപ്പോൾ കോൺഗ്രസിന്റെ സുവർണ്ണ കാലഘട്ടമാണെന്നും ജി. സുധാകരൻ പ്രസംഗിച്ചിരുന്നു.

സുധാകരന്റെ ഈ പരിഹാസങ്ങൾക്ക് പിന്നാലെയാണ് കടുത്ത സാമ്പത്തിക ആരോപണങ്ങൾ ഉന്നയിച്ച് എച്ച്. സലാം തിരിച്ചടിച്ചത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് സുധാകരൻ ആരിൽ നിന്നൊക്കെ എത്ര ലക്ഷം രൂപയാണ് പിരിച്ചതെന്ന് വെളിപ്പെടുത്താൻ ധൈര്യമുണ്ടോ എന്ന് സലാം വെല്ലുവിളിച്ചു. സുധാകരന്റെ പ്രവർത്തന മണ്ഡലം കൊല്ലത്ത് നിന്നും ആലപ്പുഴയിലേക്ക് മാറ്റിയത് എന്തുകൊണ്ടാണെന്ന് തന്നെക്കൊണ്ട് പറയിപ്പിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇരുനേതാക്കളും തമ്മിലുള്ള വ്യക്തിപരമായ ആക്ഷേപങ്ങൾ വരും ദിവസങ്ങളിൽ ആലപ്പുഴയിലെ രാഷ്ട്രീയത്തിൽ വലിയ പുകിലുകൾക്ക് വഴിതുറക്കുമെന്നുറപ്പാണ്.

H Salam Slams G Sudhakaran Over Comments Against Pinarayi Vijayan; Alleges Corruption in Election Fund Collection

Also Read

More Stories from this section

family-dental
witywide