
തിരുവനന്തപുരം: വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട അതൃപ്തിക്ക് പിന്നാലെ കെ മുരളീധരന് മുന്നില്‍ കോണ്‍ഗ്രസ് നേതൃത്വം വഴങ്ങി. നേരത്തെ നല്‍കാനിരുന്ന വൈദ്യുതി വകുപ്പിന് പകരം, മുരളീധരന്‍ ആവശ്യപ്പെട്ട ആരോഗ്യ വകുപ്പും ദേവസ്വം വകുപ്പും നല്‍കാനാണ് ധാരണയായത്. വൈദ്യുതി വകുപ്പ് തന്നെയാണെങ്കില്‍ ചുമതലയേല്‍ക്കില്ലെന്നും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്നും മുരളീധരന്‍ വ്യക്തമാക്കിയതോടെയാണ് നേതൃത്വം നിലപാട് മാറ്റിയത്.
വി ഡി സതീശന്‍റെ മന്ത്രിസഭയില്‍ ആരോഗ്യ വകുപ്പാണ് കെ മുരളീധരന്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മന്ത്രിസഭയിലെ പ്രധാന വകുപ്പുകള്‍ കെ സി വേണുഗോപാല്‍ പക്ഷത്തിന് ലഭിച്ചതോടെയാണ് മുരളീധരന്റെ പ്രതീക്ഷ മങ്ങിയതെന്നാണ് വിലയിരുത്തല്‍. കെ സി വേണുഗോപാല്‍ അനുകൂല നേതാവായ എ പി അനില്‍കുമാറിന് ആരോഗ്യ വകുപ്പ് നല്‍കാനായിരുന്നു ആദ്യ നീക്കം. എന്നാല്‍ വൈദ്യുതി വകുപ്പ് സ്വീകരിക്കില്ലെന്ന മുരളീധരന്റെ കടുത്ത നിലപാടിനെ തുടര്‍ന്നാണ് നേതൃത്വം ഒടുവില്‍ ഒത്തുതീര്‍പ്പിലേക്ക് നീങ്ങിയത്.
അതേസമയം, പുതിയ യുഡിഎഫ് മന്ത്രിസഭയിലെ കോണ്‍ഗ്രസ് മന്ത്രിമാരുടെ പട്ടിക പ്രഖ്യാപിച്ചെങ്കിലും വകുപ്പുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും വകുപ്പുകളുമായി ബന്ധപ്പെട്ട് ഏകദേശ ധാരണയായിട്ടുണ്ട്. മുഖ്യമന്ത്രി വി ഡി സതീശന്‍ ധനകാര്യവും തുറമുഖവും കൈകാര്യം ചെയ്യുമെന്നാണ് സൂചന. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവും വിജിലന്‍സും നല്‍കിയിട്ടുണ്ട്.
സണ്ണി ജോസഫിന് റവന്യൂ വകുപ്പ് ലഭിക്കും. പി സി വിഷ്ണുനാഥിന് ടൂറിസം, സാംസ്കാരികം, ടി സിദ്ദിഖിന് വനം, ബിന്ദു കൃഷ്ണയ്ക്ക് വനിതാ-ശിശുക്ഷേമം, എം ലിജുവിന് എക്‌സൈസ്-സഹകരണം, ഒ ജെ ജനീഷിന് യുവജനക്ഷേമം എന്നീ വകുപ്പുകളാണ് നിലവിലെ ധാരണപ്രകാരം ലഭിക്കുക. കെ എ തുളസി, റോജി എം ജോണ്‍ എന്നിവരും മന്ത്രിസഭയിലെ അംഗങ്ങളായിരിക്കും.















