
കൊച്ചി: ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകള്‍ പൂര്‍ണമായി തള്ളാതെ മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ വി തോമസ്. ബി എല്‍ സന്തോഷുമായി കൂടിക്കാഴ്ച നടത്തിയോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, “പലരെയും കാണാറുണ്ട്” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കേരളത്തിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി ആരെയെങ്കിലും തുടരണമോയെന്നത് പുതിയ സര്‍ക്കാര്‍ തീരുമാനിക്കേണ്ട വിഷയമാണെന്നും കെ വി തോമസ് വ്യക്തമാക്കി.
“കൂടുമാറ്റമുണ്ടോ” എന്ന ചോദ്യത്തോട് പ്രതികരിച്ച അദ്ദേഹം, “നിങ്ങള്‍ക്ക് ഒത്തിരി കഥകള്‍ നല്‍കാം. ഞാന്‍ ഇവിടെ അമ്പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ആളല്ലേ. പത്തിരുപത് വര്‍ഷമായി നേരിട്ട് കണ്ടുകൊണ്ടിരിക്കുന്നവരാണ് പലരും. ബി എല്‍ സന്തോഷ് അടക്കമുള്ളവരെ ഇന്ന് മാത്രമല്ല, ഏറെക്കാലമായി കാണുന്നവരാണ്,” എന്നായിരുന്നു മറുപടി.
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായിരുന്ന കെ വി തോമസ്, തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ സ്ഥാനം രാജിവെച്ച് ഓഫീസ് ഒഴിഞ്ഞിരുന്നു.
ഇന്ന് ഡല്‍ഹി കേരള ഹൗസില്‍ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായും വരും ദിവസങ്ങളില്‍ കൂടിക്കാഴ്ച നടക്കാനിടയുണ്ടെന്നാണ് സൂചന. ചില സംസ്ഥാനങ്ങള്‍ അദ്ദേഹത്തെ തങ്ങളുടെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയാക്കാന്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
കോണ്‍ഗ്രസ് നേതാവായിരുന്ന കെ വി തോമസ് സംസ്ഥാന മന്ത്രിസഭയിലും യുഎപിഎ ഭരണകാലത്ത് കേന്ദ്ര മന്ത്രിസഭയിലും അംഗമായിരുന്നു. 2019ലെ ലോക്‌സഭാ സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസുമായി അകന്ന അദ്ദേഹം, തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനിടെ ഇടത് സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തതോടെ 2022ല്‍ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കപ്പെട്ടു. തുടര്‍ന്നാണ് കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിതനായത്.












