തമിഴ്‌നാട്ടിൽ ഇന്ന് നടന്ന സത്യപ്രതിജ്ഞ ചടങ്ങിലും ‘തമിഴ് തായ് വാഴ്ത്തി’ന് (സംസ്ഥാന ഗാനം) മുൻപ് ‘വന്ദേമാതരം’ ആലപിച്ചതിനെതിരെ കടുത്ത വിമർശനവുമായി ഇടതുപക്ഷ പാർട്ടികൾ രംഗത്തെത്തി. തമിഴ് ജനതയുടെ വികാരങ്ങൾ മാനിച്ചുകൊണ്ട് തമിഴ് തായ് വാഴ്ത്തിന് തന്നെയായിരിക്കണം ഒന്നാം സ്ഥാനം നൽകേണ്ടതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വീരപാണ്ഡ്യൻ ആവശ്യപ്പെട്ടു. ഗവർണർ സംസ്ഥാനത്തിന്റെ സാംസ്കാരിക തനിമയെ ബഹുമാനിക്കണമെന്നും, ഈ വിഷയം പുതിയ മുഖ്യമന്ത്രി വിജയ്‌യുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും സിപിഎം സംസ്ഥാന നേതൃത്വം വ്യക്തമാക്കി. എന്നാൽ, കേന്ദ്ര സർക്കാർ ഉത്തരവുകളും പ്രോട്ടോക്കോളും മറികടക്കാൻ കഴിയില്ലെന്നാണ് ഗവർണർ അറിയിച്ചതെന്ന് മുഖ്യമന്ത്രി വിജയ് വിശദീകരിച്ചതായും ഇടതുനേതാക്കൾ പറഞ്ഞു. നേരത്തെ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോലളും സമാന വിവാദം ഉയർന്നിരുന്നു.
ഇടതുപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിന് പിന്നാലെ വിഷയത്തിൽ വ്യക്തത വരുത്തി തമിഴ്‌നാട് സർക്കാർ രംഗത്തെത്തി. ചടങ്ങിൽ ലോക്ഭവനിലെ (രാജ്ഭവൻ) കൃത്യമായ ഔദ്യോഗിക പ്രോട്ടോക്കോൾ മാത്രമാണ് പാലിച്ചതെന്ന് തമിഴ്‌നാട് സർക്കാരിനെ പ്രതിനിധീകരിച്ച് വെങ്കട്ടരമണൻ അറിയിച്ചു. ഗവർണർ പങ്കെടുക്കുന്ന ലോക്ഭവനിലെ ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം ആദ്യം ആലപിക്കണമെന്നാണ് നിലവിലുള്ള ചട്ടമെന്നും, ചടങ്ങ് നടന്ന വേദിയുടെ പ്രാധാന്യം കൂടി കണക്കിലെടുത്താണ് ഈ തീരുമാനം എടുത്തതെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
എന്നാൽ ഈ പ്രോട്ടോക്കോൾ ചട്ടങ്ങൾ തമിഴ് ജനതയോടുള്ള വെല്ലുവിളിയാണെന്നാണ് ഇടതുപക്ഷത്തിന്റെ ആക്ഷേപം. കേന്ദ്ര സർക്കാരും ഗവർണറും ഈ തീരുമാനത്തിൽ നിന്ന് അടിയന്തരമായി പിന്മാറണമെന്നും തമിഴ് തായ് വാഴ്ത്തിന്റെ പ്രാധാന്യം കുറയ്ക്കാൻ അനുവദിക്കില്ലെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രി വിജയ്‌യുടെ പുതിയ സർക്കാരിന് മേൽ തുടക്കത്തിൽ തന്നെ സമ്മർദ്ദം ചെലുത്തുന്ന രീതിയിലാണ് സഖ്യകക്ഷികളായ ഇടതുപക്ഷ പാർട്ടികൾ ഈ വിഷയത്തെ രാഷ്ട്രീയമായി ഉയർത്തിക്കൊണ്ടുവരുന്നത്.
Left Parties Criticize Vande Mataram’s Precedence over Tamil Thai Vazhthu; Tamil Nadu Government Clarifies Protocol











