ജിഎസ്ടി നിയമത്തിൽ സുപ്രധാന ഇളവുകളും മാറ്റങ്ങളും, ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം പിൻവലിച്ചു, പ്രോസിക്യൂഷൻ പരിധി 5 കോടി രൂപയാക്കി ഉയർത്തി

ജിഎസ്ടി ഉദ്യോഗസ്ഥർക്കുണ്ടായിരുന്ന അറസ്റ്റ് അധികാരം പൂർണ്ണമായി എടുത്തുകളയാൻ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചു. നികുതി എൻഫോഴ്സ്മെന്റ് രീതികൾ കൂടുതൽ ലളിതമാക്കുന്നതിനും നടപടിക്രമങ്ങളിൽ സുതാര്യതയും വ്യക്തതയും ഉറപ്പാക്കുന്നതിനുമായി ഡൽഹിയിൽ ചേർന്ന 57-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് ഈ സുപ്രധാന ശുപാർശ കൈക്കൊണ്ടത്. കൂടാതെ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കുന്നതിനുള്ള കുറഞ്ഞ തുകയുടെ പരിധി നിലവിലുള്ള ഒരു കോടി രൂപയിൽ നിന്ന് 5 കോടി രൂപയായി ഉയർത്താനും തീരുമാനിച്ചതായി ധനമന്ത്രി നിർമലാ സീതാരാമൻ അറിയിച്ചു.

ജിഎസ്ടി ലംഘനങ്ങൾക്കുള്ള കുറഞ്ഞ ശിക്ഷയെന്ന വ്യവസ്ഥ ഒഴിവാക്കിയതാണ് കൗൺസിലിന്റെ മറ്റൊരു പ്രധാന തീരുമാനം. കേസിന്റെ സ്വഭാവമനുസരിച്ച് പിഴയാണോ തടവാണോ അതോ രണ്ടും ചേർത്താണോ നൽകേണ്ടതെന്ന് ഇനിമുതൽ കോടതികൾക്ക് വിവേചനാധികാരത്തോടെ തീരുമാനിക്കാം. പ്രത്യേക പിഴ വ്യവസ്ഥയില്ലാത്ത സാധാരണ ലംഘനങ്ങൾക്കുള്ള പിഴത്തുക 25,000 രൂപയിൽ നിന്ന് 10,000 രൂപയായി കുറച്ചിട്ടുമുണ്ട്. വിൽക്കുന്നയാളുടെയും വാങ്ങുന്നയാളുടെയും ഇൻവോയ്സുകൾ കൃത്യമായി ഒത്തുനോക്കാനും വ്യാജ ക്രെഡിറ്റുകൾ കണ്ടെത്താനുമുള്ള സാങ്കേതിക ശേഷി സിസ്റ്റം കൈവരിച്ചതോടെയാണ് ഇത്തരം ഇളവുകൾ നൽകാൻ സാധിച്ചത്.

ഇനിമുതൽ റിട്ടേൺ സമർപ്പിക്കാൻ വൈകുന്നതിനോ, അബദ്ധങ്ങൾ സംഭവിക്കുന്നതിനോ, കുടിശ്ശിക വരുത്തുന്നതിനോ നികുതിദായകരിൽ നിന്ന് കുടിശ്ശിക തുകയും പലിശയും ആനുപാതികമായ പിഴയും മാത്രമായിരിക്കും ഈടാക്കുക. കൂടാതെ 10,000 രൂപയിൽ താഴെയുള്ള ചെറിയ വ്യത്യാസങ്ങൾക്ക് നോട്ടീസുകൾ അയക്കുന്നത് കൗൺസിൽ ഒഴിവാക്കി. റിട്ടേണുകളിലെ ഇത്തരം നിസ്സാര വ്യത്യാസങ്ങളിൽ ഭൂരിഭാഗവും ഡാറ്റാ എൻട്രിയിൽ വന്ന തെറ്റുകൾ മാത്രമാണെന്നും അവയിലൂടെ ലഭിക്കുന്നത് ആകെ തുകയുടെ 0.08 ശതമാനം മാത്രമാണെന്നും യോഗം നിരീക്ഷിച്ചു.

സാധനങ്ങളും സേവനങ്ങളും കൃത്യമായി തുക നൽകി വാങ്ങിയവർക്ക് സംരക്ഷണം നൽകുന്നതിനായി ഉദ്യോഗസ്ഥ സമിതി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. റീഫണ്ട് നടപടികളിലും കാതലായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. റീഫണ്ട് അപേക്ഷകൾക്ക് അക്നോളഡ്ജ്മെന്റ് നൽകാനുള്ള സമയം 15 ദിവസത്തിൽ നിന്ന് 10 ദിവസമായി കുറച്ചു. അപകടസാധ്യത കുറഞ്ഞ 90% റീഫണ്ട് അപേക്ഷകൾക്കും ഉദ്യോഗസ്ഥരുടെ ഇടപെടലില്ലാതെ തന്നെ 3 പ്രവൃത്തിദിവസത്തിനുള്ളിൽ സിസ്റ്റം വഴി അനുമതി ലഭിക്കും. കാഷ് ലെഡ്ജറിലെ അധിക തുക പൂർണ്ണമായും ഓട്ടോമാറ്റിക്കായി ബാങ്ക് അക്കൗണ്ടിലെത്തും.

അന്തർസംസ്ഥാന ചരക്കുവാഹനങ്ങൾ വഴിമധ്യേ തടഞ്ഞുനിർത്തി പരിശോധിക്കുന്നത് പൂർണ്ണമായും നിയന്ത്രിക്കും. വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജോയിന്റ് കമ്മീഷണറുടെ മുൻകൂർ അനുമതിയോടെ മാത്രമേ പരിശോധന നടത്താവൂ. ചരക്ക് പുറപ്പെടുന്ന സംസ്ഥാനത്തും എത്തുന്ന സംസ്ഥാനത്തും മാത്രമായിരിക്കും പരിശോധന, വഴിമധ്യേയുള്ള സംസ്ഥാനങ്ങൾക്ക് വാഹനം തടയാൻ അധികാരമുണ്ടാകില്ല. കൂടാതെ സ്ഥാപനത്തിന്റെ പേര്, ഡയറക്ടർമാർ, വിലാസം എന്നിവയിലെ ചെറിയ തിരുത്തലുകൾക്ക് ഇനി ഉദ്യോഗസ്ഥ അനുമതിയില്ലാതെ സിസ്റ്റം വഴി ഓട്ടോമാറ്റിക്കായി അംഗീകാരം ലഭിക്കും.

Major Relief in GST Norms: Arrest Powers of Officers Scrapped, Prosecution Limit Raised to Rs 5 Crore

More Stories from this section

family-dental
witywide