നെഹ്റുവിന്റെ റെക്കോഡ് തകർത്ത് നരേന്ദ്രമോദി; പ്രധാനമന്ത്രിപദത്തിൽ ഇന്ന് മോദിയുടെ 4399-ാംദിനം

ന്യൂഡൽഹി: തിരഞ്ഞെടുപ്പിലൂടെ സ്വതന്ത്ര ഇന്ത്യയിൽ അധികാരത്തിലെത്തി തുടർച്ചയായി പ്രധാനമന്ത്രിപദത്തിലിരുന്നെന്ന റെക്കോഡ് സ്വന്തമാക്കാൻ നരേന്ദ്രമോദി. ഇന്ന് പ്രധാനമന്ത്രിപദവിയിൽ 4399 ദിവസമാണ് അദ്ദേഹം പൂർത്തിയാക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിൻ്റെ റെക്കോഡാണ് (4398 ദിവസം) മോദി മറികടക്കുന്നത്. കഴിഞ്ഞവർഷം ജൂലായിൽ അദ്ദേഹം മുൻപ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ റെക്കോഡ് മറികടന്നിരുന്നു. 2014 മേയ് 26-നാണ് മോദി ആദ്യം പ്രധാനമന്ത്രിയായത്.

അതേസമയം, ഏറ്റവും കൂടുതൽക്കാലം ഇന്ത്യ ഭരിച്ച പ്രധാനമന്ത്രി എന്ന റെക്കോഡ് ഇപ്പോഴും നെഹ്റുവിൻ്റെ പേരിലാണ്. 6130 ദിവസമാണ് നെഹ്‌റു ഇന്ത്യ ഭരിച്ചത്. ഇന്ത്യ സ്വതന്ത്രയായതിനുപിന്നാലെ 1947 ഓഗസ്റ്റ് 15-നാണ് നെഹ്റു ആദ്യം പ്രധാനമന്ത്രിയായത്. അത് തിരഞ്ഞെടുപ്പിലൂടെയായിരുന്നില്ല. 1947 മുതൽ ’52 വരെ ഇടക്കാലസർക്കാരിനാണ് അദ്ദേഹം നേതൃത്വം നൽകിയത്. സ്വതന്ത്ര ഇന്ത്യയിൽ ആദ്യ പൊതുതിരഞ്ഞെടുപ്പ് നടന്നത് 1952-ലാണ്. ആ വർഷം മേയ് 13 മുതൽ 1964 മേയ് 27-ന് അന്തരിക്കുംവരെ നെഹ്റുവായിരുന്നു പ്രധാനമന്ത്രി.

1966 ജനുവരി 24 മുതൽ 1977 മാർച്ച് 24 വരെ തുടർച്ചയായി 4077 ദിവസമാണ് ഇന്ദിര പ്രധാനമന്ത്രിയായിരുന്നത്. പിന്നീട് 1980 ജനുവരി 14 മുതൽ 1984 ഒക്ടോബർ 31-ന് വെടിയേറ്റുമരിക്കുംവരെയും അവർ പ്രധാനമന്ത്രിപദത്തിലിരുന്നു. ആകെ 5829 ദിവസമാണ് ഇന്ദിര ഗാന്ധി പ്രധാനമന്ത്രിപദത്തിലിരുന്നത്.

Narendra Modi breaks Nehru’s record; Modi’s 4399th day as Prime Minister today

More Stories from this section

family-dental
witywide