
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയിന്റെ പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു. താൻ മത്സരിക്കുന്ന പെരമ്പൂർ, തിരുച്ചി കിഴക്ക് മണ്ഡലങ്ങളിൽ ജയിച്ചാൽ മാസത്തിലൊരിക്കൽ നേരിട്ടെത്തുമെന്ന വിജയിന്റെ പ്രഖ്യാപനമാണ് ‘വിചിത്രമെന്ന്’ എതിരാളികൾ വിശേഷിപ്പിക്കുന്നത്. തമിഴ്നാടിന് താൻ ആരായാലും മണ്ഡലത്തിലെ ജനങ്ങൾക്ക് വെറുമൊരു എംഎൽഎ മാത്രമായിരിക്കുമെന്നും തന്നെ കാണാൻ വോട്ടർമാർക്ക് എളുപ്പത്തിൽ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രകടനപത്രികയുടെ ആദ്യ പകർപ്പ് ഒരു കർഷകന് നൽകിയാണ് വിജയ് പ്രകാശനം ചെയ്തത്.
വിജയിന്റെ ഈ പ്രഖ്യാപനത്തെ ടിവികെ പ്രവർത്തകർ ആവേശത്തോടെ ഏറ്റുവാങ്ങിയെങ്കിലും മറ്റ് രാഷ്ട്രീയ പാർട്ടികൾ ഇതിനെ ആയുധമാക്കിയിട്ടുണ്ട്. ഒരു ജനപ്രതിനിധി മാസത്തിലൊരിക്കൽ മാത്രം മണ്ഡലത്തിലെത്തിയാൽ മതിയോ എന്ന ചോദ്യമാണ് മറ്റ് പാർട്ടികൾ ഉയർത്തുന്നത്. വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 23-ന് എല്ലാ വീടുകൾക്ക് മുന്നിലും പാർട്ടിയുടെ ചിഹ്നമായ വിസിൽ കോലം വരയ്ക്കണമെന്ന വിജയിന്റെ ആഹ്വാനവും ഇതിനോടകം വൈറലായിട്ടുണ്ട്. സിനിമയിലെ സൂപ്പർതാര പരിവേഷം മാറ്റി നിർത്തി വോട്ടർമാരിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള വിജയിന്റെ ശ്രമമായാണ് ആരാധകർ ഇതിനെ കാണുന്നത്.
“Once a month in the constituency”: Vijay’s promise in TVK manifesto sparks debate in Tamil Nadu














