
സംസ്ഥാനത്ത് ഔദ്യോഗികമായി ലോഡ് ഷെഡ്ഡിങ് പ്രഖ്യാപിച്ചു. വൈകിട്ട് 6 മുതൽ രാത്രി 12 വരെയുള്ള പീക്ക് അവറിൽ അര മണിക്കൂർ വരെ നിയന്ത്രണം ഏർപ്പെടുത്താനാണ് കെഎസ്ഇബി ഉന്നതതല യോഗത്തിൽ തീരുമാനമായത്. പ്രകൃതി ചതിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് വൈദ്യുതി മന്ത്രി വിശദീകരിച്ചു.
വൈദ്യുതി പ്രസരണ ശൃംഖലയുടെ ആഘാതം ഒഴിവാക്കാൻ നിയന്ത്രണം അനിവാര്യമാണെന്ന് അധികൃതർ അറിയിച്ചു. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയെങ്കിലും വിപണിയിൽ ലഭ്യത കുറഞ്ഞതാണ് വെല്ലുവിളി. കേന്ദ്ര നിലയങ്ങളിൽ നിന്നുള്ള 200 മെഗാവാട്ട് കുറവ് ഉടൻ പരിഹരിക്കപ്പെടുമെന്ന് ബോർഡ് വ്യക്തമാക്കി.
ഉപഭോഗം കുറയ്ക്കാൻ കർശന നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. വൈകിട്ട് 6 മുതൽ 12 വരെ വാഹനങ്ങൾ ചാർജ് ചെയ്യാനോ ഇൻഡക്ഷൻ കുക്കറുകൾ പ്രവർത്തിപ്പിക്കാനോ പാടില്ല. എസി ഉപയോഗിക്കുമ്പോൾ താപനില 24 ഡിഗ്രിയിൽ ക്രമീകരിക്കണമെന്നും അനാവശ്യ വൈദ്യുത ഉപകരണങ്ങൾ ഓഫാക്കണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചു.
Power curbs in Kerala; Half-hour load shedding during peak hours as KSEB faces crisis















