നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കില്ലെങ്കിലും പിന്തുണ അറിയിച്ച് കത്തുനൽകുമെന്ന് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് നിന്ന് ഇന്ന് പോയ രമേശ് ചെന്നിത്തല വൈകിട്ട് നടക്കുന്ന കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കില്ലെങ്കിലും നിയമസഭാ കക്ഷി നേതാവായി വി ഡി സതീശനെ പിന്തുണച്ച് കത്ത് നൽകും.
ഹരിപ്പാട്ടേയ്ക്കാണ് രമേശ് ചെന്നിത്തല പോയതെന്നും അവിടെനിന്ന് ഗുരുവായൂരിലേക്ക് പോകുമെന്നുമാണ് വിവരം. മുഖ്യമന്ത്രി പ്രഖ്യാപനത്തിനു മുന്‍പ് ഫോണില്‍ സംസാരിച്ച രാഹുല്‍ ഗാന്ധിയോടു രമേശ് അതൃപ്തി അറിയിച്ചുവെന്നാണ് വിവരം. ഇത്രയും കാലത്തെ തന്റെ പ്രവര്‍ത്തനവും സീനിയോറിറ്റിയും പരിഗണിക്കാത്തതിലാണ് രമേശ് അതൃപ്തി പ്രകടിപ്പിച്ചത്.
മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ, രാവിലെ മുതല്‍ വഴുതയ്ക്കാട്ടെ വീട്ടിലുണ്ടായിരുന്ന ചെന്നിത്തല കാത്തുനിന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നിലെത്താതെ വീടിന്റെ പിന്‍ഭാഗത്തുകൂടി പുറത്തേക്കു പോകുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന നിയുക്ത എംഎല്‍എ ജ്യോതികുമാര്‍ ചാമക്കാലയാണ് പുറത്തിറങ്ങിവന്ന് രമേശ് ചെന്നിത്തല വീട്ടിലില്ലെന്ന് അറിയിച്ചത്. രാവിലെ മുതല്‍ നിയുക്ത എംഎല്‍എമാരായ ജ്യോതികുമാര്‍ ചാമക്കാല, അന്‍വര്‍ സാദത്ത്, ടി ജെ വിനോദ് എന്നിവര്‍ രമേശ് ചെന്നിത്തലയുടെ വീട്ടിലുണ്ടായിരുന്നു.
Ramesh Chennithala says he will not attend the assembly party meeting but will write a letter supporting VD Satheesan as the assembly party leader













