കീവ്: യുക്രെയിനെതിരെ റഷ്യയുടെ വൻ വ്യോമാക്രമണം. നൂറുകണക്കിന് ഡ്രോണുകളും ഡസൻകണക്കിന് മിസൈലുകളുമാണ് റഷ്യ യുക്രയിനെതിരെ തൊടുത്ത് വിട്ടത്. ശനിയാഴ്‌ച രാത്രി മുതൽ ഞായറാഴ്ച പുലർച്ചെ വരെ തലസ്ഥാനമായ കീവിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ സ്ഫോടന പരമ്പരകളിൽ 4 പേർ കൊല്ലപ്പെടുകയും അമ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ആക്രമണത്തിൽ നിരവധി പാർപ്പിടങ്ങളും സ്‌കൂളുകളും തകർന്നു.റഷ്യ കീവ് മേഖലയിലെ ബില സെർക്വ നഗരത്തിന് നേരെ ഒരേഷ്‌നിക് ഹൈപ്പർസോണിക് മിസൈൽ പ്രയോഗിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി സ്ഥിരീകരിച്ചു.
ശബ്ദത്തേക്കാൾ പത്തിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന ഈ അത്യാധുനി മിസൈലുകളെ പ്രതിരോധിക്കുക അസാധ്യമാണ്. ജലവിതരണ ശൃംഖലകൾ ഉൾപ്പെടെയുള്ള പൊതുസംവിധാനങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി.റഷ്യൻ അധിനിവേശ മേഖലയായ സ്റ്റാരോബിൽസിലെ വിദ്യാർത്ഥി ഹോസ്റ്റലിന് നേരെ കഴിഞ്ഞ വെള്ളിയാഴ്‌ച യുക്രെയ്ൻ നടത്തിയ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പകരമായി കടുത്ത തിരിച്ചടി നൽകുമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യയുടെ ആക്രമണം.
എന്നാൽ തങ്ങൾ വിദ്യാർഥി ഹോസ്റ്റലല്ല, മറിച്ച് റഷ്യയുടെ എലൈറ്റ് സൈനിക യൂണിറ്റാണ് ആക്രമിച്ചതെന്നാണ് യുക്രെയിൻ്റെ വാദം.കീവ് കൂടാതെ ചെർകാസി, ഖാർകിവ്, ഒഡേസ, പോൾട്ടാവ, സുമി, ഷിറ്റോമിർ തുടങ്ങിയ മേഖലകളിലും റഷ്യൻ മിസൈലുകൾ പതിച്ചതായി യുക്രെയിൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ അറിയിച്ചു. രാജ്യത്തുടനീളം ഇന്ന് മാത്രം 83ലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കൂടുതൽ മിസൈൽ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് കീവ് മിലിട്ടറി അഡ്മിനിസ്ട്രേഷൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Russia launches heavy airstrikes against Ukraine; extensive damage













