
തമിഴ്‌നാട്ടിൽ അണ്ണാഡിഎംകെ (AIADMK) വിമതപക്ഷത്ത് വൻ കൊഴിഞ്ഞുപോക്ക്. വിമതപക്ഷത്തെ മൂന്ന് പ്രമുഖ എംഎൽഎമാർ തങ്ങളുടെ പദവി രാജി വെച്ച് നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിൽ (TVK) ചേർന്നു. എസ്. ജയകുമാർ, മരഗതം കുമാരവേൽ, പി. സത്യഭാമ എന്നിവരാണ് സ്പീക്കർക്ക് രാജിക്കത്ത് നൽകിയത്. ഇതിൽ രണ്ടുപേർ സംവരണ സീറ്റുകളിൽ നിന്ന് വിജയിച്ചവരാണ്. മുൻപ് നടന്ന വിശ്വാസ വോട്ടെടുപ്പിൽ ഇവർ ടിവികെയെ പിന്തുണച്ചിരുന്നു. രാജി സമർപ്പിച്ചതിന് തൊട്ടുപിന്നാലെ മൂന്ന് മുൻ എംഎൽഎമാരും ടിവികെ മന്ത്രി ആധവ് അർജുനയുമായി കൂടിക്കാഴ്ച നടത്തി. ഇവർ ഉടൻ തന്നെ മുഖ്യമന്ത്രി വിജയ്‌യുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരങ്ങൾ. മൂന്ന് പേരുടെയും രാജി സ്പീക്കർ അടിയന്തരമായി അംഗീകരിച്ചിട്ടുണ്ട്.
അതേസമയം, മൂന്ന് പേർ പാർട്ടി വിട്ടതോടെ അണ്ണാഡിഎംകെ വിമതപക്ഷത്ത് ബാക്കിയുണ്ടായിരുന്ന അഞ്ച് എംഎൽഎമാർ ഔദ്യോഗിക പക്ഷമായ ഇപിഎസ് (എടപ്പാടി പളനിസ്വാമി) വിഭാഗത്തിനൊപ്പം നിൽക്കാൻ തീരുമാനിച്ചു. ആർക്കോട്ട് സുകുമാർ, അന്തിയുർ ഹരി ഭാസ്‌കർ, പൺരുട്ടി മോഹൻ, ശങ്കരൻകോവിൽ ദിലീപൻ ജയശങ്കർ, കാങ്കേയം എൻ.എസ്.എൻ. നടരാജൻ എന്നിവരാണ് ഇപിഎസ് പക്ഷത്തേക്ക് മടങ്ങിയെത്തിയത്. ഇതോടെ വിമതപക്ഷത്തെ ആകെ എംഎൽഎമാരുടെ എണ്ണം 17 ആയി ചുരുങ്ങുകയും ഇപിഎസ് പക്ഷത്തിന്റെ ബലം 27 ആയി ഉയരുകയും ചെയ്തു. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഇപിഎസ് പക്ഷത്തെ പ്രമുഖ നേതാക്കൾ സ്പീക്കറെ നേരിൽ കാണാൻ സമയം ചോദിച്ചിട്ടുണ്ട്.
നടന്നത് തരംതാണ കുതിരക്കച്ചവടമാണെന്ന് അണ്ണാഡിഎംകെ ഔദ്യോഗികമായി ആരോപിച്ചു. എംഎൽഎമാരുടെ രാജി മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും സ്പീക്കർ രാജി അംഗീകരിക്കുന്നതിന് മുൻപ് തന്നെ ഇവർക്ക് ടിവികെയുടെ അംഗത്വ കാർഡ് നൽകിക്കഴിഞ്ഞിരുന്നുവെന്നും എഐഎഡിഎംകെ കുറ്റപ്പെടുത്തി. നിലവിലെ രാജികളോടെ തമിഴ്‌നാട്ടിൽ നാല് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ്. മുഖ്യമന്ത്രി വിജയ് ഒഴിഞ്ഞ തിരുച്ചി ഈസ്റ്റ് മണ്ഡലത്തിലും നിലവിൽ ഒഴിവുണ്ട്. ഈ ഒഴിവുകളിലേക്ക് ഉടൻ തന്നെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ നൽകുന്ന സൂചന.
Setback for AIADMK in Tamil Nadu as 3 MLAs resign to join Vijay’s TVK; by-elections looming in 4 constituencies














