‘അമ്മ’ ജനറൽ ബോഡിയിൽ നാടകീയ രംഗങ്ങളും പൊട്ടിത്തെറിയും, സ്റ്റേജിൽ കയറി അധ്യക്ഷ സ്ഥാനം രാജിവെക്കുന്നുവെന്ന് പ്രഖ്യാപിച്ച് ശ്വേത; ‘ബിജെപിക്കാരിയാക്കാൻ ശ്രമ’മെന്ന് പരാതി

മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം ഒടുവിൽ പരസ്യ പൊട്ടിത്തെറിയിലേക്ക്. ഭിന്നത രൂക്ഷമായതോടെ സംഘടനയുടെ അധ്യക്ഷ സ്ഥാനത്തുനിന്നും താൻ രാജിവെക്കുകയാണെന്ന് നടി ശ്വേത മേനോൻ വൈകാരികമായി പ്രഖ്യാപിച്ചു. യോഗത്തിനിടെ നേരിട്ട് സ്റ്റേജിൽ കയറിയാണ് ശ്വേത രാജി പ്രഖ്യാപനം നടത്തിയത്. തനിക്ക് യാതൊരുവിധ രാഷ്ട്രീയവുമില്ലെന്നും എന്നാൽ തന്നെ ബി.ജെ.പി.ക്കാരിയാക്കാൻ ബോധപൂർവമായ ശ്രമം സംഘടനയ്ക്കുള്ളിൽ നടക്കുന്നുണ്ടെന്നും അവർ കടുത്ത അമർഷത്തോടെ വെളിപ്പെടുത്തി. തുടർന്ന് സ്റ്റേജിൽ നിന്നും ഇറങ്ങിപ്പോയ ശ്വേതയെ നടൻ ബാബുരാജിന്റെ നേതൃത്വത്തിൽ മുതിർന്ന അംഗങ്ങൾ ചേർന്ന് അനുനയിപ്പിക്കാനും തിരികെ എത്തിക്കാനുമുള്ള സജീവ ശ്രമങ്ങൾ നടത്തിവരികയാണ്.

ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ വരവ് ചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്ന് ആരോപിച്ചാണ് യോഗത്തിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന പ്രമുഖർ റിപ്പോർട്ട് പാസാക്കാൻ സമ്മതിക്കാതെ കടുത്ത നിലപാടെടുത്തു. കണക്കുകളിൽ പിഴവുകളുള്ള റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് രഞ്ജി പണിക്കരും വ്യക്തമാക്കിയതോടെ യോഗം കലുഷിതമായി. തുടർന്ന് വിഷയം വിശദമായി പഠിക്കാൻ 45 ദിവസത്തെ സമയം വേണമെന്ന് പ്രസിഡന്റ് ശ്വേത മേനോൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തർക്കങ്ങൾ പരിഹരിക്കപ്പെടാതെ ഉച്ചയ്ക്ക് ശേഷവും നീണ്ടതോടെയാണ് ശ്വേത പെട്ടെന്ന് രാജി പ്രഖ്യാപിച്ചത്.

അംഗങ്ങൾ തമ്മിൽ വാക്പോര് കടുത്തതോടെ വിഷയത്തിൽ സംഘടനയുടെ മുൻ പ്രസിഡന്റ് മോഹൻലാൽ ഇടപെടണമെന്ന് കെ.ബി. ഗണേഷ് കുമാർ ആവശ്യപ്പെട്ടു. തുടർന്ന് യോഗത്തിൽ അതീവ വൈകാരികമായാണ് മോഹൻലാൽ സംസാരിച്ചത്. വ്യക്തിപരമായ ഭിന്നതകൾ എന്തുതന്നെ ഉണ്ടായാലും ഈ സംഘടനയെ തകർക്കാൻ ആർക്കും കഴിയില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. എന്നാൽ വാർഷിക റിപ്പോർട്ട് പാസാക്കാതെ നിലവിലെ ഭരണസമിതിക്ക് എങ്ങനെ മുന്നോട്ട് പോകാനാകുമെന്ന ചോദ്യവുമായി ഒരു വിഭാഗം ഉറച്ചുനിന്നതോടെ സംഘടനയിലെ ഭിന്നത പൂർണ്ണമായും മറനീക്കി പുറത്തുവന്നിരിക്കുകയാണ്. രാവിലെ മോഹൻലാലാണ് ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തത്.

Shwetha Menon Resigns as AMMA President Citing Political Conspiracy Ambit Bitter Feud Over Annual Report

More Stories from this section

family-dental
witywide