തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിൽ വകുപ്പുകൾ സംബന്ധിച്ച് ഏകദേശ ധാരണയായി. ആഭ്യന്തരവും വിജിലൻസും രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയായ വി.ഡി. സതീശൻ ധനം, തുറമുഖ വകുപ്പുകളും കൈകാര്യം ചെയ്യും. പി.സി. വിഷ്ണുനാഥിന് വൈദ്യുതി വകുപ്പും ബിന്ദു കൃഷ്‌ണ യ്ക്ക് സാമൂഹിക ക്ഷേമ-വനിതാ ശിശു വികസന വകുപ്പും കെ. മുരളീധരനെ ആരോഗ്യ വകുപ്പും നൽകുമെന്നാണ് റിപ്പോർട്ടുകൾ.
മുസ്ലിംലീഗിൽനിന്ന് പി.കെ. കുഞ്ഞാലിക്കുട്ടി വ്യവസായ, ഐ.ടി. വകുപ്പുകളും കൈകാര്യം ചെയ്തേക്കും. എക്സൈസ് വകുപ്പ് എം. ലിജുവിനും ഗതാഗത വകുപ്പ് സി.പി. ജോണിനും ലഭിച്ചേക്കും. റവന്യൂ മന്ത്രിയായി സണ്ണി ജോസഫും ടൂറിസം മന്ത്രിയായി എ.പി. അനിൽകുമാറും വരാനിടയുണ്ട്. ഷിബു ബേബി ജോൺ തൊഴിൽ വകുപ്പ് മന്ത്രിയായേക്കും. സ്‌പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെ പരിഗണിക്കുന്നുണ്ടെങ്കിലും അദ്ദേഹം വഴങ്ങുന്നില്ലെന്നാണ് വിവരം. ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാനെയും പരിഗണിക്കുന്നുണ്ട്.
അതേസമയം, കെ.പി.സി.സി. ആസ്ഥാനത്ത് മന്ത്രിമാരുടെ ചർച്ചകൾക്കൊപ്പം വകുപ്പുകൾ സംബന്ധിച്ച ചർച്ചകൾകൂടി തുടരുകയാണ്. അനൂപ് ജേക്കബിനും മാണി സി. കാപ്പനും ടേം വ്യവസ്ഥയിലായിരിക്കും മന്ത്രിസ്ഥാനങ്ങൾ നൽകുക. ഇതിൽ ഇരുവരും അതൃപ്തി അറിയിച്ചിട്ടുണ്ടെങ്കിലും തീരുമാനം മാറാനിടയില്ല. ലീഗ് മന്ത്രിമാരിൽ എ.കെ.എം. അഷ്റഫിനും വി.ഇ. അബ്‌ദുൽ ഗഫൂറിനും ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനങ്ങൾ നൽകുമെന്നും റിപ്പോർട്ടുകളുണ്ട്.
Team VDS; department discussions continuing










