തിരുവനന്തപുരം: വൻ വിജയത്തോടെ നിയമസഭയിലേക്ക് തിരിച്ചുവരവ് നടത്തിയ വി.ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. തിങ്കളാഴ്ച നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഉൾപ്പെടെയുള്ള പ്രമുഖർ സാക്ഷികളാകും. വിജയ്‌യുടെ വരവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ചീഫ് സെക്രട്ടറിയുമായി കേരള ചീഫ് സെക്രട്ടറി ആശയവിനിമയം നടത്തിയിട്ടുണ്ട്.
അതേസമയം, ഘടകകക്ഷികളുമായുള്ള മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചകൾ തുടരുന്നതിനിടയിലും സത്യപ്രതിജ്ഞാ ചടങ്ങ് ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണി നേതൃത്വം. പന്തൽ നിർമാണവും സ്റ്റേജ് ഒരുക്കങ്ങളും അവസാനഘട്ടത്തിലാണ്. തുടക്കത്തിൽ 12,000 പേർക്ക് പ്രവേശനം നൽകാനാണ് തീരുമാനിച്ചിരുന്നതെങ്കിലും തിരക്ക് വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് 50,000 പേരെ ഉൾക്കൊള്ളാവുന്ന രീതിയിലാണ് പന്തൽ ഒരുക്കുന്നത്. സാധാരണയുള്ളതിനേക്കാൾ വലിയ പന്തലാണ് ഇത്തവണ സജ്ജീകരിക്കുന്നത്.
ആളുകൾക്ക് ചടങ്ങ് കാണാനായി സ്റ്റേഡിയത്തിന്റെ വശങ്ങളിലുള്ള ഗാലറികളിലും പ്രത്യേക പന്തലുകൾ കെട്ടിയിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങ് തത്സമയം വീക്ഷിക്കുന്നതിനായി വലിയ എൽ.സി.ഡി സ്ക്രീനുകളും സ്റ്റേഡിയത്തിൽ സജ്ജീകരിക്കും. സംഘാടകരുടെ കണക്കുകൂട്ടൽ. ചടങ്ങിനായുള്ള പാസുകൾ ഇതിനോടകം തന്നെ വിതരണം ചെയ്‌തു കഴിഞ്ഞു. വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതിനാൽ തിരുവനന്തപുരം നഗരത്തിൽ തിങ്കളാഴ്ച ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
Team VDS: Preparations for the oath-taking ceremony have begun, prominent figures including Vijay are likely to attend, pass for entry









