ടീം വി.ഡി.എസ് അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ ഇന്ന് രാവിലെ 10ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ

തിരുവനന്തപുരം: ടീം വിഡിഎസ് ഇന്ന് സത്യ പ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്നു. തിങ്കളാഴ്ച 10-ന് സെക്രട്ടേറിയറ്റിനുപിന്നിലുള്ള സെൻട്രൽ സ്റ്റേഡിയത്തിലെ കൂറ്റൻവേദിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ മുഖ്യമന്ത്രി വി ഡി സതീശന് സത്യവാചകം ചൊല്ലിക്കൊടുക്കും. 1982-ലെ കെ. കരുണാകരൻ സർക്കാരിനുശേഷം യു.ഡി.എഫിന്റെ മുഴുവൻ മന്ത്രിമാരും ഇന്ന് ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യും.

വി.ഡി. സതീശൻ മുഖ്യമന്ത്രിയായും രമേശ് ചെന്നിത്തല, കെ. മുരളീധരൻ, സണ്ണി ജോസഫ്, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, ബിന്ദുകൃഷ്ണ, എം. ലിജു, റോജി എം. ജോൺ, ടി. സിദ്ദിഖ്, ഒ.ജെ. ജനീഷ്, കെ.എ. തുളസി, പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, അബ്ദു‌ൽ ഗഫൂർ, സി.പി. ജോൺ, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, മോൻസ് ജോസഫ് എന്നിവർ മന്ത്രിമാരായും സത്യ പ്രതിജ്ഞ ചെയ്യും.

ഇത്തവണ യു.ഡി.എഫിൽ ആദ്യമായി മൂന്ന് വനിതകൾ കാബിനറ്റ് പദവിയിലെത്തുകയാണ്. ബിന്ദുകൃഷ്ണ, കെ.എ. തുളസി എന്നിവർ മന്ത്രിസഭയിലും ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടിസ്പീക്കർ പദവിയിലും ചുമതലയേൽക്കും. 21 അംഗ മന്ത്രിസഭയിൽ മുഖ്യമന്ത്രിയടക്കം 16 പേർ പുതുമുഖങ്ങളാണ്. പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവരാണ് ഭരണരംഗത്തെ കാരണവർമാരായി മന്ത്രിസഭയിലുള്ളത്. കെ. മുരളീധരൻ, എ.പി. അനിൽകുമാർ, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, മോൻസ് ജോസഫ് എന്നിവരാണ് നേരത്തേ മന്ത്രിമാരായിരുന്നവർ. ബാക്കിയെല്ലാം പുതുമുഖങ്ങളാണ്.

അതേസമയം, മുഖ്യമന്ത്രിയടക്കമുള്ള 21 മന്ത്രിമാരുടെയും പട്ടിക ഞായറാഴ്‌ച വൈകീട്ട് അഞ്ചുമണിക്ക് ലോക്ഭവനിലെത്തി വി.ഡി. സതീശൻ കൈമാറി. മന്ത്രിമാർക്ക് ടേം വ്യവസ്ഥ കൊണ്ടുവരുന്നത് ഉഭയകക്ഷിയിൽ ധാരണയായിട്ടുണ്ട്. എന്നാൽ, തർക്കം തീർന്നിട്ടില്ല. അനൂപ് ജേക്കബും മാണി സി. കാപ്പനും മന്ത്രിസ്ഥാനം പങ്കുവെക്കണമെന്നാണ് ചർച്ചചെയ്തിട്ടുള്ളത്. ഇതിനോട് അനൂപിനും കാപ്പനും എതിർപ്പുണ്ട്. എന്തായാലും അനൂപ് ആദ്യം സത്യപ്രതിജ്ഞചെയ്യുമെന്നാണ് തീരുമാനം.

മുസ്‌ലിംലീഗും മന്ത്രിസ്ഥാനത്തിന് ചരിത്രത്തിലാദ്യമായി ടേം ഏർപ്പെടുത്തി. കോഴിക്കോടിന് മന്ത്രിസ്ഥാനമില്ലാത്തതിനാൽ പാറക്കൽ അബ്ദുള്ളയെ രണ്ടരവർഷംകഴിഞ്ഞ് മന്ത്രിയാക്കുമെന്ന് ലീഗ് പ്രഖ്യാപിച്ചു. ആരാണ് ഒഴിയേണ്ടതെന്ന് ഇപ്പോൾ ലീഗ് പുറത്തുപറഞ്ഞിട്ടില്ല.

More Stories from this section

family-dental
witywide