
തമിഴ്‌നാടിന്റെ വികസന കാര്യങ്ങളിൽ കേന്ദ്ര സർക്കാരുമായി നേരിട്ടുള്ള ചർച്ചകൾക്ക് തുടക്കമിടാൻ മുഖ്യമന്ത്രി വിജയ് രാജ്യതലസ്ഥാനത്തേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുതിർന്ന കേന്ദ്ര മന്ത്രിമാരെയും അതിവേഗം നേരിൽ കാണാൻ തമിഴ്‌നാട് മുഖ്യമന്ത്രി തീരുമാനിച്ചതായി അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ഇതിനായി ഈ മാസം അവസാനം വിജയ് ഡൽഹിയിലെത്തുമെന്നാണ് വിവരം. പ്രധാനമന്ത്രിയെ കണ്ട് സംസ്ഥാനത്തിന്റെ വികസനത്തിനായുള്ള കേന്ദ്ര സഹായം അഭ്യർത്ഥിക്കുന്നതിനൊപ്പം, നീറ്റ് ചോദ്യപേപ്പർ ചോർച്ച, ഇന്ധനവില വർദ്ധനവ് തുടങ്ങിയ വിഷയങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉയർത്തിയ വിർശനങ്ങളും അദ്ദേഹം കേന്ദ്രത്തിന് മുന്നിൽ അവതരിപ്പിച്ചേക്കും.
അതിനിടെ, തമിഴ്‌നാട്ടിൽ പുതിയ മന്ത്രിമാരുടെ വകുപ്പുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി വിജയ് തന്നെയാണ് സുപ്രധാനമായ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത്. ഇതിന് പുറമെ പൊതുഭരണം, വനിതാ-യുവജനക്ഷേമം, മുനിസിപ്പൽ ഭരണം, പ്രത്യേക പദ്ധതി നടപ്പാക്കൽ എന്നീ വകുപ്പുകളും മുഖ്യമന്ത്രിയുടെ കീഴിലാണ്. മുതിർന്ന നേതാവായ കെ.എ. സെങ്കോട്ടയ്യനാണ് സംസ്ഥാനത്തെ പുതിയ ധനമന്ത്രി. മന്ത്രിസഭയിലെ രണ്ടാമനായ ബുസി ആനന്ദിന് ഗ്രാമവികസനം, ജലവിഭവം വകുപ്പുകളും മൂന്നാമനായ ആധവ് അർജുനയ്ക്ക് പൊതുമരാമത്ത്, സ്പോർട്സ് വകുപ്പുകളും ലഭിച്ചു.
മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ 29-കാരി എസ്. കീർത്തനയ്ക്കാണ് സുപ്രധാനമായ വ്യവസായ വകുപ്പിന്റെ ചുമതല നൽകിയിരിക്കുന്നത്. ഐആർഎസ് ഉദ്യോഗസ്ഥ പദവി രാജിവെച്ച് രാഷ്ട്രീയത്തിലെത്തിയ അരുൺ രാജാണ് പുതിയ ആരോഗ്യ മന്ത്രി. ദളിത് നേതാവായ രാജ്‌മോഹൻ പൊതുവിദ്യാഭ്യാസം, പിആർഡി വകുപ്പുകളുടെ ചുമതല വഹിക്കും. മുഖ്യമന്ത്രിക്ക് പുറമെ നിലവിൽ 9 മന്ത്രിമാരാണ് തമിഴ്‌നാട് മന്ത്രിസഭയിലുള്ളത്. വരും ദിവസങ്ങളിൽ മന്ത്രിസഭാ വികസനം ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
TN CM Vijay to visit Delhi this month-end to meet PM Modi; cabinet portfolios announced













