
ഡിഎംകെ നേതാവും മുൻ മന്ത്രിയുമായ സെന്തിൽ ബാലാജിക്ക് കനത്ത തിരിച്ചടിയായി ട്രാൻസ്ഫോർമർ അഴിമതിക്കേസിലെ ഹൈക്കോടതി ഉത്തരവ്. 2021-നും 2023-നും ഇടയിൽ അദ്ദേഹം വൈദ്യുതി മന്ത്രിയായിരിക്കെ നടന്ന ട്രാൻസ്ഫോർമർ വാങ്ങലിലെ ക്രമക്കേടുകളെക്കുറിച്ച് സിബിഐ അന്വേഷിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ടെണ്ടർ നടപടികളിലെ അഴിമതി വഴി ഖജനാവിന് 397 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തൽ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
അഴിമതി വിരുദ്ധ സംഘടനയായ ‘അറപ്പോർ ഇയക്കം’ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർണ്ണായക ഇടപെടൽ. കുറഞ്ഞ വിലയ്ക്ക് ട്രാൻസ്ഫോർമറുകൾ ലഭ്യമായിരുന്നിട്ടും ഉയർന്ന നിരക്കിൽ കരാറുകൾ നൽകിയതിലൂടെ വൻ അഴിമതി നടന്നുവെന്നാണ് ഹർജിയിലെ ആരോപണം. കേസ് സിബിഐ ഏറ്റെടുക്കുന്നതോടെ സെന്തിൽ ബാലാജിക്കെതിരെയുള്ള നിയമക്കുരുക്ക് കൂടുതൽ മുറുകുകയാണ്. നിലവിൽ മറ്റ് കേസുകളിലും അന്വേഷണം നേരിടുന്ന അദ്ദേഹം ഇതോടെ കൂടുതൽ പ്രതിസന്ധിയിലായി.
കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട് വിജിലൻസ് വിഭാഗത്തിന്റെ പക്കലുള്ള മുഴുവൻ രേഖകളും രണ്ടാഴ്ചയ്ക്കുള്ളിൽ സിബിഐക്ക് കൈമാറാനും കോടതി നിർദ്ദേശിച്ചു. അന്വേഷണം സ്വതന്ത്രമായും നിഷ്പക്ഷമായും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് കേസ് കേന്ദ്ര ഏജൻസിക്ക് കൈമാറുന്നതെന്ന് കോടതി വ്യക്തമാക്കി. തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കുന്നതാണ് മദ്രാസ് ഹൈക്കോടതിയുടെ ഈ പുതിയ ഉത്തരവ്.
Transformer scam: Madras HC orders CBI probe against Senthil Balaji














