സതീശൻ മികച്ച പ്രതിപക്ഷ നേതാവ്, വിജയശിൽപി കെസി വേണുഗോപാൽ, മുഖ്യമന്ത്രിയാകാൻ സാധ്യതയെന്നും വെള്ളാപ്പള്ളി

യുഡിഎഫിന്റെ വിജയശിൽപി കെ.സി. വേണുഗോപാലാണെന്നും വി.ഡി. സതീശൻ നല്ലൊരു പ്രതിപക്ഷ നേതാവാണെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും ഭൂരിപക്ഷം എംഎൽഎമാരുടെയും എംപിമാരുടെയും പിന്തുണ കെ.സി വേണുഗോപാലിനാണെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്ത് വലിയ സ്വാധീനമുള്ള നേതാവാണ് വേണുഗോപാലെന്നും അദ്ദേഹത്തിന്റെ നയചാതുര്യമാണ് യുഡിഎഫിന് ഇത്രയും വലിയ വിജയം സമ്മാനിച്ചതെന്നും മുഖ്യമന്ത്രിയാകാൻ സാധ്യതയെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പരാജയത്തിന് കാരണം താനാണെന്ന ആരോപണങ്ങളെ വെള്ളാപ്പള്ളി തള്ളി. തന്നെ കുറ്റപ്പെടുത്തുന്നത് പിണറായി വിരുദ്ധരും സമുദായ ശത്രുക്കളുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിൽ മുസ്ലിം ലീഗാണെന്നും അല്ലെങ്കിൽ തന്റെ സമുദായം നശിക്കണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും അദ്ദേഹം ആരോപിച്ചു. എസ്എൻഡിപി യോഗത്തെ തകർക്കാൻ ആർക്കും കഴിയില്ലെന്നും തന്റെ നിലപാടുകളിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫ് നൂറ് സീറ്റ് തികച്ചാൽ രാജി വെക്കുമെന്ന മുൻപത്തെ വെല്ലുവിളിയിൽ നിന്ന് വെള്ളാപ്പള്ളി മലക്കം മറിഞ്ഞു. താൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നും പലരും പലതും പ്രചരിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നൂറ് സീറ്റിലധികം യുഡിഎഫ് നേടുമെന്ന് അവർ പോലും പ്രതീക്ഷിച്ചിരുന്നില്ല. ജാതിയും മതവും നോക്കാതെ ജനങ്ങൾ വോട്ട് ചെയ്തതുകൊണ്ടാണ് ഇത്തരമൊരു വിജയം ഉണ്ടായതെന്നും കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള നല്ല നേതാക്കൾ ലീഗിലുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Vellappally Nadarshan Praises KC Venugopal and VD Satheesan Over UDF Victory

More Stories from this section

family-dental
witywide