മകൻ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോൾ ഓർക്കണമായിരുന്നു, ഐക്യമില്ലായ്മയും കൂടെ നിന്ന് ചവിട്ടുന്ന രീതിയും ഭരണത്തുടർച്ച നഷ്ടപ്പെടാൻ കാരണമെന്നും വെള്ളാപ്പള്ളി

ആലപ്പുഴ: മുൻ എംഎൽഎയും ഇത്തവണത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ യു. പ്രതിഭയ്ക്കും സിപിഐക്കും നേരെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ രൂക്ഷവിമർശനമുയർത്തി വെള്ളാപ്പള്ളി നടേശൻ. മകൻ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോൾ ഇത്തരം പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് അവർ ഓർക്കണമായിരുന്നു. ഇതെല്ലാം ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അധികാരത്തിന്റെ തണലിൽ ഇത്തരം പ്രതിസ്ഥാനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചാലും ജനങ്ങൾക്ക് എല്ലാം അറിയാമെന്നും അവസരം കിട്ടിയപ്പോൾ വോട്ടർമാർ കൃത്യമായ മറുപടി നൽകിയെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.

മുസ്ലിം ലീഗിനെതിരെ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ കുഴൽനാടന്റെ ചിത്രം ഫ്ലക്‌സിൽ നിന്ന് വെട്ടിമാറ്റിയത് ശരിയായ നടപടിയല്ലെന്നും മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ നടന്ന നടപടികളിലും വെള്ളാപ്പള്ളി വ്യക്തമാക്കി. പ്രഗത്ഭനായ അഭിഭാഷകനും കരുത്തനായ ജനപ്രതിനിധിയുമായ ഒരാളോട് ഇത്തരത്തിൽ പെരുമാറുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. അഭിപ്രായം പറയുന്നവരുടെ വായടപ്പിക്കാനുള്ള ഇത്തരം ശ്രമങ്ങൾ കേരളത്തിൽ ഇനി എന്ത് സംഭവിക്കുമെന്നതിൻ്റെ സൂചനയാണെന്നും, ലീഗിനെ പ്രീണിപ്പിക്കുന്ന ഒരു മുഖ്യമന്ത്രിയെയാണ് ഇവർക്ക് ആവശ്യമെന്നും സത്യം പറയുന്നവരെ വേട്ടയാടുന്ന സാഹചര്യം മാറണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം, എൽഡിഎഫിൻ്റെ പരാജയത്തിന് കാരണം വെള്ളാപ്പള്ളിയുടെ പ്രസ്‌താവനകളാണെന്ന സിപിഐയുടെ ആരോപണങ്ങളെ പുച്ഛിച്ചു. സിപിഐയുടെ തന്നെ നേതൃത്വത്തിൻ്റെ പരാജയവും നയങ്ങളിലെ പാളിച്ചകളുമാണ് അവർക്ക് തിരിച്ചടിയായത്. ഭരണത്തിൽ ഇരുന്നുകൊണ്ട് തന്നെ സർക്കാരിന്റെ ഇമേജ് തകർക്കാൻ ശ്രമിച്ചവരാണ് സിപിഐ എന്നും അവർക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്താൻ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫ് മുന്നണിക്കുള്ളിലെ ഐക്യമില്ലായ്മയും കൂടെ നിന്ന് ചവിട്ടുന്ന രീതിയുമാണ് ഭരണത്തുടർച്ച നഷ്ടപ്പെടാൻ കാരണമായത്. കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ചർച്ചകൾ കോൺഗ്രസിനുള്ളിൽ സജീവമായി തുടരുമ്പോൾ, ഇക്കാര്യത്തിൽ ഹൈക്കമാൻഡിനാണ് പൂർണ്ണ ഉത്തരവാദിത്തമെന്നും അദ്ദേഹം വ്യക്തമാക്കി.

വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ടെങ്കിലും, മൂന്ന് നേതാക്കളും ഒരുപോലെ യോഗ്യരാണ്. ഒരു ആലപ്പുഴക്കാരൻ എന്ന നിലയിൽ മുഖ്യമന്ത്രി പദം തന്റെ ജില്ലയിലേക്ക് വരുന്നത് സന്തോഷകരമായ കാര്യമാണെന്നും അത് ജില്ലയ്ക്കും കേരളത്തിനും ഒരുപോലെ ഗുണകരമാകുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Vellappally Natesan criticized U. Pratibha and CPI, LDF

More Stories from this section

family-dental
witywide