മന്ത്രിസഭാ വിപുലീകരണത്തിൽ വിജയ്ക്ക് സിപിഎമ്മിന്റെ അന്ത്യശാസനം, എഐഎഡിഎംകെയെ എടുത്താൽ പിന്തുണ പിൻവലിക്കും, നാളെ സത്യപ്രതിജ്ഞ

തമിഴ്‌നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാരിന്റെ മന്ത്രിസഭാ വിപുലീകരണം നാളെ നടക്കാനിരിക്കെ മുന്നണിയിൽ രാഷ്ട്രീയ ചർച്ചകളും തർക്കങ്ങളും മുറുകുന്നു. വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ 10 ടിവികെ എംഎൽഎമാരും രണ്ട് കോൺഗ്രസ് പ്രതിനിധികളും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. എന്നാൽ അണ്ണാ ഡിഎംകെ (എഐഎഡിഎംകെ) അംഗങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെ കടുത്ത നിലപാടുമായി സിപിഎം രംഗത്തെത്തിയിട്ടുണ്ട്. എഐഎഡിഎംകെ പ്രതിനിധികളെ ഭരണത്തിൽ പങ്കാളികളാക്കിയാൽ ടിവികെ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പി. ഷണ്മുഖം മുന്നറിയിപ്പ് നൽകി. ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്കും എതിരായ ജനവിധിയെ മാനിക്കണമെന്നാണ് സിപിഎമ്മിന്റെയും സിപിഐയുടെയും നിലപാട്.

ഇടതുപക്ഷത്തിന്റെ കടുത്ത എതിർപ്പും നിയമപരമായ തടസ്സങ്ങളും കണക്കിലെടുത്ത് അണ്ണാ ഡിഎംകെ എംഎൽഎമാരെ തത്കാലം മന്ത്രിസഭയിലേക്ക് പരിഗണിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിലവിൽ എഐഎഡിഎംകെ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് ടിവികെ നേതാവും മന്ത്രിയുമായ ആധവ് അർജുന വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കോൺഗ്രസിന് പുറമെ മുസ്ലിം ലീഗും വിസികെയും മന്ത്രിസഭയുടെ ഭാഗമാകണമെന്നാണ് മുഖ്യമന്ത്രി വിജയ് ആഗ്രഹിക്കുന്നത്. ഇവരുടെ പങ്കാളിത്തം സംബന്ധിച്ച് അനുകൂലമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ടിവികെ നേതൃത്വം.

മന്ത്രിസഭയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിൽ (ഐയുഎംഎൽ) ആഭ്യന്തര തർക്കം രൂക്ഷമാണ്. ഭരണത്തിൽ പങ്കാളികളാകാനുള്ള ഈ സുവർണ്ണാവസരം കളഞ്ഞുകുളിക്കരുതെന്ന് പാർട്ടിയിലെ ഭൂരിഭാഗം നേതാക്കളും എംഎൽഎമാരും ആവശ്യപ്പെടുമ്പോഴും സംസ്ഥാന അധ്യക്ഷൻ ഖാദർ മൊയ്തീൻ ഇതിന് പൂർണ്ണ സമ്മതം മൂളിയിട്ടില്ല. വിശദമായ ആലോചനകൾക്ക് ശേഷം മാത്രമേ അന്തിമ തീരുമാനം അറിയിക്കൂ എന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്. നിലവിൽ മുഖ്യമന്ത്രി വിജയ്യും 9 മന്ത്രിമാരുമാണ് തമിഴ്‌നാട് ക്യാബിനറ്റിലുള്ളത്. മന്ത്രിസഭാ വിപുലീകരണത്തിനായി ഗവർണർ രാജേന്ദ്ര അർലേക്കർ ബുധനാഴ്ച രാത്രിയോടെ ചെന്നൈയിലെത്തും.

Vijay’s cabinet expansion tomorrow; Left warns against AIADMK’s entry, IUML yet to decide

More Stories from this section

family-dental
witywide