
പശ്ചിമബംഗാൾ രാഷ്ട്രീയത്തിൽ മമത ബാനർജി വിഭാഗത്തിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് തൃണമൂൽ കോൺഗ്രസ് വിമത നേതാവ് ഋതബ്രത ബാനർജിയെ നിയമസഭയിലെ പുതിയ പ്രതിപക്ഷ നേതാവായി സ്പീക്കർ രതീന്ദ്ര ബോസ് അംഗീകരിച്ചു. തൃണമൂലിൽ നിന്നുള്ള ഭൂരിപക്ഷം എം.എൽ.എമാരുടെയും പിന്തുണ കണക്കിലെടുത്താണ് സ്പീക്കറുടെ ഈ നിർണായക നടപടി. 80 അംഗ തൃണമൂൽ പാർലമെന്ററി പാർട്ടിയിലെ 59 എം.എൽ.എമാരുടെ ഒപ്പുകളടങ്ങിയ പിന്തുണക്കത്ത് ഋതബ്രത ബാനർജി സ്പീക്കർക്ക് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് മമത പക്ഷത്തെ പൂർണ്ണമായി തള്ളിക്കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായത്. അതേസമയം, ശോഭൻദേബ് ചതോപാധ്യായെ പ്രതിപക്ഷ നേതാവാക്കണമെന്നാവശ്യപ്പെട്ട് മമത ബാനർജി നൽകിയ കത്ത് സ്പീക്കർ പരിഗണിച്ചതുമില്ല.
മമത ബാനർജി സ്ഥാപിച്ച 28 വർഷം പഴക്കമുള്ള തൃണമൂൽ കോൺഗ്രസ് ഇപ്പോൾ പൂർണ്ണമായ പിളർപ്പിന്റെ വക്കിലാണ്. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട രണ്ട് എം.എൽ.എമാരാണ് മമതയ്ക്ക് ഇപ്പോൾ വലിയ വെല്ലുവിളി ഉയർത്തുന്നത്. ഋതബ്രത ബാനർജിക്കൊപ്പം പുറത്താക്കപ്പെട്ട സന്ദീപൻ സാഹ എം.എൽ.എയുമുണ്ട്. തങ്ങളാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസെന്നും മമത ബാനർജിയുടെയോ അഭിഷേക് ബാനർജിയുടെയോ നേതൃത്വം ഇനി അംഗീകരിക്കില്ലെന്നും വിമതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം മമത നേരിട്ട് വിളിച്ച യോഗത്തിൽ വെറും എട്ട് എം.എൽ.എമാരും ആറ് എം.പിമാരും മാത്രമാണ് പങ്കെടുത്തത്. പാർട്ടി പിളർത്താൻ 53 എം.എൽ.എമാരുടെ പിന്തുണ മതിയെന്നിരിക്കെ, ഭൂരിപക്ഷം തെളിയിച്ച വിമതർ ചിഹ്നത്തിലടക്കം അവകാശവാദം ഉന്നയിച്ച് നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് ആദ്യ ഘട്ടത്തിൽ നീക്കം നടത്തുന്നത്.
ബംഗാൾ രാഷ്ട്രീയത്തിൽ ‘ബംഗാൾ കടുവ’ എന്നറിയപ്പെടുന്ന മമത ബാനർജി ഇപ്പോൾ കരിയറിലെ തന്നെ ഏറ്റവും വലിയ ജീവൻമരണ പോരാട്ടത്തിലാണ് നേരിടുന്നത്. പാർട്ടി അടിയന്തരമായി പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പോഷക സംഘടനകളുടേത് ഉൾപ്പെടെയുള്ള എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടതായി നേതൃത്വം വാർത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്. എന്നാൽ, മമതയുടെ രാഷ്ട്രീയ അടിത്തറ പൂർണ്ണമായി തകർക്കാൻ സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി. നീക്കങ്ങൾ അതിവേഗത്തിലാക്കി. തൃണമൂലിലെ ആഭ്യന്തര കലഹങ്ങൾക്കിടയിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയും സ്പീക്കർ രതീന്ദ്ര ബോസും ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതും ഈ സാഹചര്യത്തിലാണ്.
West Bengal Political Crisis: Speaker Appoints Rebel Leader Ritabrata Banerjee as LoP, TMC on Verge of Split















