മലപ്പുറം പെരിന്തൽമണ്ണ അർബൻ ബാങ്കിന്റെ മൂർക്കനാട് ശാഖയിൽ വീട്ടമ്മയുടെ വിധവാ പെൻഷൻ തുക വ്യാജ ഒപ്പിട്ട് തട്ടിയെടുത്ത സംഭവത്തിൽ ബാങ്ക് ജീവനക്കാരനായ കെ.ടി. നൗഫലിനെ സസ്പെൻഡ് ചെയ്തു. തട്ടിപ്പിനിരയായ വീട്ടമ്മയുടെ പരാതിയെ തുടർന്നാണ് ഡിവൈഎഫ്ഐ നേതാവും സിപിഎം മങ്കട ഏരിയ കമ്മിറ്റി അംഗവുമായ നൗഫലിനെതിരെ ബാങ്ക് അച്ചടക്ക നടപടി സ്വീകരിച്ചത്.
പത്തു മാസത്തെ പെൻഷൻ തുകയായ 20,000 രൂപയാണ് നൗഫൽ വ്യാജ ഒപ്പിട്ട് കൈക്കലാക്കിയത്. കൃത്യമായി പെൻഷൻ തുക ലഭിക്കാത്തതിനെ തുടർന്ന് വീട്ടമ്മ ബാങ്കിനെ സമീപിച്ചതോടെയാണ് തട്ടിപ്പ് വെളിച്ചത്തുവന്നത്. തുടർന്ന് ബാങ്ക് നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ നൗഫൽ വ്യാജ ഒപ്പിട്ടാണ് തുക പിൻവലിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ ബാങ്ക് അധികൃതരുടെ സസ്പെൻഷൻ നടപടിക്ക് പിന്നാലെ ഇയാൾക്കെതിരെ പാർട്ടി തലത്തിലും നടപടിയെടുത്തു. നൗഫലിനെ ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഎം അറിയിച്ചു. സംഭവത്തിൽ തട്ടിപ്പിനിരയായ വീട്ടമ്മ പോലീസിലും പരാതി നൽകിയിട്ടുണ്ട്.
Widow Pension Embezzlement: DYFI Leader Suspended from Bank, Ousted from Party












