പ്രമുഖ സാമ്പത്തിക വിദഗ്ധൻ ഡോ. കുഞ്ഞാമൻ വീട്ടിനുള്ളിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: ദളിത് ആക്ടിവിസ്റ്റും സാമ്പത്തിക വിദഗ്ധനനുമായ ഡോ.എം കുഞ്ഞാമനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യത്തെ വീടിനുള്ളിലെ അടുക്കളയിലാണ് കുഞ്ഞാമനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പൊതുപ്രവർത്തകനായ കെ.എം. ഷാജഹാനാണ് മരണവിവരം ആദ്യം പുറത്തുവിടുന്നത്.

സുഹൃത്തായ കെ എം ഷാജഹാൻ കുഞ്ഞാമന്‍റെ വീട്ടിലെത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. കുഞ്ഞാമന്റെ വീട്ടിലെത്തിയപ്പോൾ ചെരുപ്പും പത്രവും പുറത്ത് കിടക്കുകയായിരുന്നുവെന്നും അകത്ത് ഫാൻ തിരിയുന്നുണ്ടായിരുന്നുവെന്നും ഷാജഹാൻ പറയുന്നു. എന്നാൽ കുറച്ചുസമയം കാത്തുനിന്നെങ്കിലും പ്രതികരണമുണ്ടായില്ല. ഇതിനെ തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. ഇന്നലെ കുഞ്ഞാമൻ കാണണമെന്ന് ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീകാര്യത്തെ വീട്ടിലെത്തിയതെന്നും ഷാജഹാൻ പറഞ്ഞു. പൊലീസെത്തി നോക്കിയപ്പോഴാണ് അടുക്കളയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കുഞ്ഞാന് ആരോ​ഗ്യപ്രശ്നങ്ങളുണ്ടായിരുന്നതായി അറിവില്ലെന്നും കെഎം ഷാജഹാൻ കൂട്ടിച്ചേര്‍ത്തു.

പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് വാടാനാംകുറിശ്ശിയില്‍ അയ്യപ്പന്‍റെയും ചെറോണയുടെയും മകനായി 1949 ഡിസംബർ മൂന്നിന് ജനനം. പാലക്കാട് വിക്ടോറിയ കോളേജില്‍നിന്ന് ഒന്നാം റാങ്കോടെ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. കെ.ആർ നാരായണന് ശേഷം റാങ്ക് നേടിയ ആദ്യ ദലിത് വിദ്യാർത്ഥിയെന്ന നേട്ടം സ്വന്തമാക്കി. തിരുവനന്തപുരം സി.ഡി.എസില്‍ നിന്ന് എം.ഫിലും കൊച്ചിന്‍ സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡിയും നേടി.

കേരള സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസില്‍ 27 വർഷം സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു. 2006ൽ വിരമിച്ച ശേഷം മഹാരാഷ്​ട്രയിലെ തുൽജാപൂരിൽ ടാറ്റ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സോഷ്യൽ സയൻസിൽ ഒമ്പത് വർഷം പ്രൊഫസറായി.​​​​​​​ എം.ജി സർവകലാശാലയിലെ നെൽസൺ മണ്ടേല ചെയർ പ്രൊഫസറായിരുന്നു.

ഭാര്യ: രോഹിണി