സിറ്റിംഗ് സീറ്റ് ഒഴിഞ്ഞ ടി.എന്‍ പ്രതാപന് പുതിയ ചുമതല; കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ച് ഹൈക്കമാന്‍ഡ്

തൃശൂര്‍: ടി.എന്‍ പ്രതാപനെ തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് മാറ്റിയതിലെ അസ്വാരസ്യങ്ങളെ മറികടക്കാന്‍ പ്രതാപന് പുതിയ ചുമതല നല്‍കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കെ. മുരളീധരനായി സിറ്റിംഗ് സീറ്റ് മടി കൂടാതെ ഒഴിഞ്ഞു നല്‍കിയ പ്രതാപനെ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റാക്കിയാണ് ഹൈക്കമാന്‍ഡ് സന്തോഷിപ്പിച്ചത്.

ഇതോടെ പ്രതാപന് സീറ്റ് നല്‍കാത്തതില്‍ പ്രതിക്ഷേധമുണ്ടായിരുന്ന ഒരു വിഭാഗം പ്രവര്‍ത്തകരെയും, സമുദായത്തെയും കോണ്‍ഗ്രസിന് തൃപ്തിപ്പെടുത്താനുമായെന്നുവേണം കരുതാന്‍. ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പില്‍ തൃശൂരില്‍നിന്ന് പ്രതാപന്‍ മത്സരിക്കുമെന്ന് ആദ്യഘട്ടത്തില്‍ പ്രചാരണമുണ്ടായിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. പകരം കെ.മുരളീധരനാണ് തൃശൂരില്‍ നറുക്കു വീണത്. 2019ലെ തിരഞ്ഞെടുപ്പില്‍ മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം (93,633) നേടിയാണ് പ്രതാപന്‍ ലോക്‌സഭയിലേക്ക് എത്തിയത്.

ഇത്തവണ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം എത്തും മുമ്പേ പ്രതാപനായി ചുവരെഴുത്തുകള്‍ എത്തിയിരുന്നു. പ്രതാപനായി 3.5 ലക്ഷം പോസ്റ്റര്‍, 300 കിമീ പദയാത്ര, ചുവരെഴുത്തുകള്‍ എന്നിങ്ങനെ തയ്യാറെടുപ്പുകളെല്ലാം തകൃതിയായെങ്കിലും മുരളീധരന്റെ വരവോടെ എല്ലാം പാഴാകുകയായിരുന്നു.

മുരളീധരനായി വഴി മാറിക്കൊടുക്കുമ്പോള്‍ എന്റെ ജീവന്‍ എന്റെ പാര്‍ട്ടിയാണെന്നായിരുന്നു ടി.എന്‍ പ്രതാപന്‍ പ്രതികരിച്ചത്. മാത്രമല്ല, കേരളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ നേതാവാണ് കെ. മുരളീധരനെന്നും തൃശ്ശൂരില്‍ ആര് മത്സരിച്ചാലും ഒപ്പമുണ്ടാകുമെന്നും പ്രതാപന്‍ വ്യക്തമാക്കിയിരുന്നു.

Also Read

More Stories from this section

family-dental
witywide