പ്രായപരിധിയില്‍ ഇളവ്, സിപിഐയെ നയിക്കാൻ മൂന്നാം തവണയും ഡ‍ി രാജ, ജനറല്‍ സെക്രട്ടറിയായി തുടരും; കേന്ദ്ര സെക്രട്ടേറിയേറ്റിൽ നിന്ന് ബിനോയ് വിശ്വം ഒഴിഞ്ഞു

ചണ്ഡീ​ഗഡ്: സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജയെ ചണ്ഡീ​ഗഡിൽ ചേർന്ന പാർടി കോൺ​ഗ്രസ് ഐകകണ്ഠേന തെരഞ്ഞെടുത്തു. മൂന്നാം തവണയാണ് തമിഴ്നാട് വെല്ലൂർ സ്വദേശിയായ രാജ (76) സിപിഐയെ നയിക്കുന്നത്. 2007, 2013 വർഷങ്ങളിൽ രാജ്യസഭയിലെത്തിയ രാജ 1994 മുതൽ ദേശീയ എക്സിക്യൂട്ടീവ് അം​ഗമാണ്. രാജ്യത്ത് ഏതെങ്കിലും കമ്യൂണിസ്റ്റ് പാർട്ടികളുടെ തലപ്പത്തെത്തിയ ആദ്യ ദലിത് നേതാവായ രാജ 2019 മുതൽ പാർട്ടിയുടെ ജനറൽ സെക്രട്ടറിയാണ്. സുധാകർ റെഡ്ഡി അനാരോഗ്യത്തെ തുടർന്ന് ഒഴിഞ്ഞപ്പോഴാണ് ആദ്യ അവസരം ലഭിച്ചത്. 2022 വിജയവാഡ പാർട്ടി കോൺഗ്രസിലും രാജ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ബിനോയ് വിശ്വം, കെ പ്രകാശ് ബാബു, പി സന്തോഷ് കുമാർ, കെ പി രാജേന്ദ്രൻ, പി പി സുനീർ, കെ രാജൻ, പി പ്രസാദ്, ജെ ചിഞ്ചുറാണി, ചിറ്റയം ഗോപകുമാർ, ജി ആർ അനിൽ, രാജാജി മാത്യൂസ്, പി വസന്തം, ഗോവിന്ദൻ പള്ളിക്കാപ്പിൽ, ടി ജെ ആഞ്ചലോസ് എന്നിവരാണ് കേരളത്തിൽനിന്നുള്ള ദേശീയ കൗൺസിൽ അം​ഗങ്ങൾ. കെ പ്രകാശ്ബാബുവും പി.സന്തോഷ് കുമാറും കേന്ദ്ര സെക്രട്ടേറിയറ്റിലെത്തി. സംസ്ഥാന സെക്രട്ടറിയായി കേരളത്തിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കേണ്ടതിനാൽ ബിനോയ് വിശ്വം കേന്ദ്ര സെക്രട്ടേറിയറ്റിൽനിന്ന് സ്വയം ഒഴിഞ്ഞു.

125 അം​ഗ ദേശീയ കൗൺസിലിനും 31 അം​ഗ എക്സിക്യൂട്ടീവിനും 11 ദേശീയ സെക്രട്ടറിയറ്റിനും പാർടി കോൺ​ഗ്രസ് രൂപം നൽകി. കേരളത്തിൽനിന്ന് 12 പേർ ദേശീയ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കെ പ്രകാശ് ബാബുവും പി സന്തോഷ് കുമാറും സെന്ററിൽ നിന്നാണ് ദേശീയ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഡി രാജ, ആനി രാജ, അമർജീത് കൗർ, ബാലചന്ദ്ര കാം​ഗോ, രാധാകൃഷ്ണ പാണ്ഡേ, പി സന്തോഷ് കുമാർ, പ്രകാശ് ബാബു, ​ഗിരീഷ് ചന്ദ്ര ശർമ, സഞ്ജയ് കുമാർ, പല്ല വെങ്കട്ട് റെഡ്ഡി എന്നിവരാണ് സെക്രട്ടറിയറ്റ് അം​ഗങ്ങൾ. കേരളത്തിൽ നിന്ന് രണ്ടുപേരാണ് സെക്രട്ടറിയറ്റിലെത്തിയത്.

Also Read

More Stories from this section

family-dental
witywide