
തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ പൂർത്തിയാകുമ്പോൾ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ സമ്മർദ്ദത്തിലാക്കി കെ.സി. വേണുഗോപാൽ പക്ഷം തങ്ങളുടെ അപ്രമാദിത്വം ഉറപ്പിച്ചു. മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കേണ്ടി വന്നുവെങ്കിലും വി.ഡി. സതീശൻ മന്ത്രിസഭയിൽ തനിക്ക് ഒപ്പമുള്ളവർക്ക് ഏറ്റവും നിർണ്ണായകമായ വകുപ്പുകൾ ഉറപ്പാക്കാൻ കെ.സി. വേണുഗോപാലിന് സാധിച്ചിട്ടുണ്ട്. ഗവർണറെ കണ്ട് മന്ത്രിമാരുടെ പട്ടിക സമർപ്പിക്കാൻ വി.ഡി. സതീശൻ രാജ്ഭവനിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് വരെ നാടകീയമായ നീക്കങ്ങളാണ് തലസ്ഥാനത്ത് നടന്നത്. ആദ്യം മുതൽ മന്ത്രിമാരുടെ സാധ്യതാ ലിസ്റ്റിൽ മുൻപന്തിയിലുണ്ടായിരുന്ന ചാണ്ടി ഉമ്മൻ അടക്കമുള്ള പ്രമുഖർ അവസാന നിമിഷം പുറത്തായപ്പോൾ, ഒ.ജെ. ജനീഷ്, റോജി എം. ജോൺ എന്നിവർ അപ്രതീക്ഷിതമായി മന്ത്രിസ്ഥാനം ഉറപ്പിച്ചു.
എഐസിസി നേതൃത്വത്തിന്റെ പ്രത്യേക ആശീർവാദത്തോടെ ടി. സിദ്ദിഖും അവസാന നിമിഷം മന്ത്രിപ്പട്ടികയിൽ ഇടംപിടിക്കുകയായിരുന്നു. പുതിയ മന്ത്രിമാരിൽ സണ്ണി ജോസഫ്, എ.പി. അനിൽകുമാർ, റോജി എം. ജോൺ, ഒ.ജെ. ജനീഷ്, പി.സി. വിഷ്ണുനാഥ്, തുളസി തുടങ്ങിയ ഭൂരിഭാഗം പേരും കെ.സി. വേണുഗോപാൽ പക്ഷത്തുനിന്നുള്ളവരാണ് എന്നത് ശ്രദ്ധേയമാണ്. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും മുന്നോട്ട് വെച്ച പല പ്രമുഖ നേതാക്കളുടെയും പേരുകൾ ഹൈക്കമാൻഡ് തലത്തിൽ വെട്ടിപ്പോവുകയായിരുന്നു. കെ.സി. പക്ഷം തികച്ചും ആസൂത്രിതമായാണ് ഷാനിമോൾ ഉസ്മാൻ, വി.ടി. ബൽറാം എന്നിവരെ മന്ത്രിസ്ഥാനത്തുനിന്നും വെട്ടിയത്. പാലക്കാട് ജില്ലയിൽ നിന്നുള്ള മന്ത്രിയെന്ന പരിഗണനയും സ്ത്രീ പ്രാതിനിധ്യവും ഒന്നിച്ച് ഉയർത്തിക്കാട്ടി തുളസിയെ രംഗത്തിറക്കിയുള്ള ഒറ്റ നീക്കത്തിലൂടെയാണ് വേണുഗോപാൽ പക്ഷം ഈ തന്ത്രം വിജയിപ്പിച്ചത്.
തുളസിയുടെ വരവോടെ ഷാനിമോൾ ഉസ്മാന് മന്ത്രിപദവി പൂർണ്ണമായും അകലുകയായിരുന്നു. ഷാനിമോൾക്കായി വി.ഡി. സതീശനും, അൻവർ സാദത്തിനെ മന്ത്രിയാക്കാനായി രമേശ് ചെന്നിത്തലയും അവസാന നിമിഷം വരെ ശക്തമായി വാദിച്ചെങ്കിലും എഐസിസി പിന്തുണയോടെ ടി. സിദ്ദിഖ് മന്ത്രിസ്ഥാനം കൈക്കലാക്കുകയായിരുന്നു. പുതിയ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് അന്തിമ തീരുമാനമായെങ്കിലും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.















