കേരള മുഖ്യമന്ത്രി തർക്കത്തിൽ ഘടകകക്ഷികളുടെ ഇടപെടലിനെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും അതിൽ മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികൾ ഇടപെടുന്നത് ശരിയല്ലെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. ഘടകകക്ഷികളുടെ അനാവശ്യ സമ്മർദ്ദമാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും ഇതിന് പിന്നിൽ വലിയ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
യുഡിഎഫിന് ലഭിച്ച 102 സീറ്റിന്റെ മേന്മ ഇല്ലാതാക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. പത്ത് ദിവസമായിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാത്തതിനാൽ ഭരണസ്തംഭനമാണെന്നും സ്കൂൾ തുറക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഹരിക്കാൻ ആളില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇപ്പോൾ ഒരു തിരഞ്ഞെടുപ്പ് നടന്നാൽ യുഡിഎഫിന് 30 സീറ്റ് വരെ കുറയുമെന്നും അണികളുടെ ഫ്ലെക്സ് പോസ്റ്റർ യുദ്ധങ്ങൾ അവസാനിപ്പിക്കണമെന്നും സുകുമാരൻ നായർ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് തന്നെ ഏറ്റെടുക്കണമെന്നതാണ് എൻഎസ്എസിന്റെ നിലപാടെന്ന് അദ്ദേഹം ആവർത്തിച്ചു. വകുപ്പ് ജനകീയമാകാൻ ഇത് അത്യാവശ്യമാണ്. രമേശ് ചെന്നിത്തലയുമായി വ്യക്തിപരമായും രാഷ്ട്രീയമായും നല്ല ബന്ധമാണുള്ളത്. മുൻപ് അഞ്ചാം മന്ത്രിയെ ആവശ്യപ്പെട്ട് ലീഗ് സമ്മർദ്ദം ചെലുത്തിയപ്പോഴാണ് ചെന്നിത്തലയ്ക്കായി താക്കോൽ സ്ഥാനമെന്ന ആവശ്യം ഉന്നയിച്ചതെന്നും സമുദായ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് അന്ന് അത്തരം നിലപാട് എടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു.
G Sukumaran Nair Criticizes Ally Interference in Kerala CM Selection











