
തിരുവനന്തപുരം: വകുപ്പിനെച്ചൊല്ലിയുള്ള അതൃപ്തി പരിഹരിക്കാന്‍ കെ മുരളീധരനുമായി ഒത്തുതീര്‍പ്പിന് കോണ്‍ഗ്രസ് ശ്രമം. വൈദ്യുതി വകുപ്പിനൊപ്പം ദേവസ്വം വകുപ്പ് കൂടി നല്‍കാമെന്നാണ് നേതൃത്വത്തിന്റെ പുതിയ നിര്‍ദേശം. എന്നാല്‍ ഇതിന് മുരളീധരന്‍ അനുകൂല പ്രതികരണം അറിയിക്കുമോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. യുഡിഎഫ് മന്ത്രിസഭയില്‍ വൈദ്യുതി വകുപ്പ് ലഭിച്ചതില്‍ കെ മുരളീധരന്‍ കടുത്ത അതൃപ്തിയിലാണെന്നാണ് വിവരം. വകുപ്പ് സംബന്ധിച്ച എതിർപ്പ് നേതൃത്വത്തെ അറിയിച്ച അദ്ദേഹം, വൈദ്യുതി വകുപ്പ് തന്നെയാണെങ്കില്‍ ചുമതലയേല്‍ക്കില്ലെന്ന നിലപാടും വ്യക്തമാക്കിയതായാണ് സൂചന.
ആരോഗ്യ വകുപ്പാണ് മുരളീധരന്‍ ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വി ഡി സതീശന്‍റെ മന്ത്രിസഭയില്‍ നിര്‍ണായക വകുപ്പുകള്‍ കെ സി വേണുഗോപാല്‍ വിഭാഗത്തിന് ലഭിച്ചതോടെയാണ് മുരളീധരന്‍റെ പ്രതീക്ഷ മങ്ങിയതെന്ന് വിലയിരുത്തപ്പെടുന്നു. കെ സി വേണുഗോപാല്‍ അനുകൂല നേതാവായ എ പി അനില്‍കുമാറിനാണ് ആരോഗ്യ വകുപ്പ് ലഭിച്ചത്. 2004ല്‍ എ കെ ആന്റണി മന്ത്രിസഭയിലും കെ മുരളീധരന്‍ വൈദ്യുതി മന്ത്രിയായിരുന്നുവെന്നതും ശ്രദ്ധേയമാണ്. വീണ്ടും അതേ വകുപ്പ് തന്നെ നല്‍കിയതിലാണ് അദ്ദേഹം ശക്തമായ അതൃപ്തി അറിയിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് മന്ത്രിമാര്‍ ആരൊക്കെ
പുതിയ യുഡിഎഫ് മന്ത്രിസഭയിലെ കോണ്‍ഗ്രസ് മന്ത്രിമാരുടെ പട്ടിക പ്രഖ്യാപിച്ചു. മുഖ്യമന്ത്രി വി ഡി സതീശന്‍ ധനകാര്യവും തുറമുഖവും കൈകാര്യം ചെയ്യും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവും വിജിലന്‍സും നല്‍കി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് റവന്യൂ മന്ത്രിയായും, കെ മുരളീധരന്‍ വൈദ്യുതി മന്ത്രിയുമാണ്.
പി സി വിഷ്ണുനാഥ് (ടൂറിസം, സാംസ്കാരികം), എ പി അനില്‍കുമാര്‍ (ആരോഗ്യം), ടി സിദ്ദിഖ് (വനം), ബിന്ദു കൃഷ്ണ (വനിതാ-ശിശുക്ഷേമം), എം ലിജു (എക്‌സൈസ്, സഹകരണം), ഒ ജെ ജനീഷ് (യുവജനക്ഷേമം), കെ എ തുളസി, റോജി എം ജോണ്‍ എന്നിവരാണ് കോണ്‍ഗ്രസില്‍നിന്നുള്ള മറ്റ് മന്ത്രിമാര്‍.















