‘ഇതിനാണോ വോട്ട് ചെയ്യിപ്പിച്ചത്?’ സ്ത്രീകൾ വരെ വിളിച്ച് ചോദിക്കുന്നുവെന്ന് ലീഗ് നേതാവ്; മുഖ്യമന്ത്രി വൈകുന്നതിൽ കടുത്ത അതൃപ്തി തുറന്നപറഞ്ഞു

മലപ്പുറം: കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ഉണ്ടാകുന്ന അനിശ്ചിതത്വത്തിനെതിരെ അസംതൃപ്തി പ്രകടിപ്പിച്ച് മുസ്ലിം ലീഗ് നേതാവ് പി അബ്‍ദുൾ ഹമീദ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്നത് തിരഞ്ഞെടുപ്പ് വിജയത്തിന്റെ തിളക്കം കെടുത്തിയെന്നും അണികളിൽ വലിയ നിരാശ സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ഇപ്പോൾ എട്ട് ദിവസം കഴിഞ്ഞു. ഒരു പരിഹാരം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ഞങ്ങൾ കാത്തിരിക്കുകയാണ്.

ഈ നീണ്ടുപോകൽ ഞങ്ങൾക്ക് അസംതൃപ്തിയുണ്ടാക്കുന്നു. മലപ്പുറത്തും സമീപ പ്രദേശങ്ങളിലും ഞങ്ങളുടെ എംഎൽഎമാരുടെ വിജയാഘോഷങ്ങൾ വലിയ രീതിയിൽ നടന്നിരുന്നു. എന്നാൽ ഇപ്പോൾ അതിന്റെ ആവേശം പോലും കുറഞ്ഞിരിക്കുകയാണ്,” എന്നാണ് അബ്‍ദുൾ ഹമീദിന്റെ പ്രതികരണം.“യുഡിഎഫിനെ ഈ നിലയിലെത്തിച്ചത് പ്രവർത്തകരാണ്. ഇപ്പോൾ അവർ തന്നെയാണ് നമ്മളോട് ചോദിക്കുന്നത് — ‘ഇതിനാണോ നമ്മളെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചത്?’ സ്ത്രീകൾ വരെ വിളിച്ച് അസ്വസ്ഥത അറിയിക്കുന്നുണ്ട്. വിജയത്തിന്റെ പ്രഭ നേരത്തേ മങ്ങിപ്പോയി. വളരെ വേഗത്തിൽ സർക്കാർ അധികാരത്തിലെത്തണമെന്നാണ് എല്ലാവരുടെയും ആഗ്രഹം,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വി.ഡി. സതീശനെ അനുകൂലിച്ച് നടന്ന പ്രകടനങ്ങളിൽ ലീഗ് പ്രവർത്തകർ പങ്കെടുത്തത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. “യുഡിഎഫ് പ്രവർത്തകർ പ്രകടനം നടത്തുമ്പോൾ പ്രാദേശിക തലത്തിൽ ചില ലീഗ് പ്രവർത്തകർ പങ്കെടുക്കുന്നത് സ്വാഭാവികമാണ്. എന്നാൽ മുസ്ലിം ലീഗ് ഔദ്യോഗികമായി അത്തരം പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്തിട്ടില്ല,” എന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി വിഷയത്തെ തെരുവിലേക്കു കൊണ്ടുപോകുന്നതിനോട് ലീഗിന് യോജിപ്പില്ലെന്നും, കോൺഗ്രസ് നേതൃത്വം സാഹചര്യം മനസ്സിലാക്കി വേഗത്തിൽ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേ‌ത്തു.

More Stories from this section

family-dental
witywide