പാലാ നഗരസഭയിലെ ഭരണപ്രതിസന്ധി കെപിസിസി തീരുമാനത്തിന് വിട്ട് കോൺഗ്രസ്‌; പ്രതികരിച്ച് ജോസ് കെ മാണിയും പ്രതിപക്ഷവും, ‘അട്ടിമറിക്കും അവിശ്വാസത്തിനുമില്ല’

പാലാ നഗരസഭയിലെ ഭരണപ്രതിസന്ധി പരിഹരിക്കാൻ കെപിസിസി സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ തേടി കോൺഗ്രസ്. നഗരസഭയിലെ സ്വതന്ത്ര കൂട്ടായ്മയുമായി സഹകരിച്ച് മുന്നോട്ട് പോകാൻ ജില്ലയിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾക്ക് താല്പര്യമില്ലാത്തതും, ഭരണസമിതിയിൽ തുടർച്ചയായി തർക്കങ്ങൾ ഉണ്ടാകുന്നതിലും ഡിസിസി നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ഭരണസമിതിക്കുള്ള പിന്തുണ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പാലാ മണ്ഡലം കമ്മിറ്റി പ്രമേയം പാസ്സാക്കിയിരുന്നു. എന്നാൽ ഈ പ്രമേയം മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും കോൺഗ്രസ് സംസ്ഥാന നേതൃത്വം അന്തിമ തീരുമാനം പറയട്ടെയെന്നുമാണ് സ്വതന്ത്ര കൂട്ടായ്മയുടെ നിലപാട്.

അതിനിടെ പാലാ നഗരസഭയിലെ വിഷയം തികച്ചും പ്രാദേശികമാണെന്നും നിലവിലുള്ളത് യുഡിഎഫിന്റെ ആഭ്യന്തര പ്രശ്നമാണെന്നും കേരള കോൺഗ്രസ് എം അധ്യക്ഷൻ ജോസ് കെ മാണി പ്രതികരിച്ചു. സ്വതന്ത്ര മുന്നണിയുമായി സഹകരിച്ചാൽ അപകടമാണെന്ന് നേരത്തെ തന്നെ അറിയാമായിരുന്നെന്നും കേരള കോൺഗ്രസ് എം അവരുമായി സഹകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാലാ നഗരസഭയിൽ ഭരണപ്രതിസന്ധിയുണ്ടെന്നത് യാഥാർത്ഥ്യമാണ്, എന്നാൽ നഗരസഭ അനാഥമാകാൻ പാടില്ലെന്നും അത് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്തനംതിട്ടയിൽ പി കെ ജേക്കബ് അടക്കം പാർട്ടി വിട്ട സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ അവിടെ കേരള കോൺഗ്രസ് എമ്മിൽ പ്രശ്നങ്ങൾ ഇല്ലെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും ജോസ് കെ മാണി അവകാശപ്പെട്ടു.

നഗരസഭയിൽ എന്താണ് സംഭവിക്കുന്നത് എന്ന് നിരീക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലൂപടവൻ പ്രതികരിച്ചു. സ്വതന്ത്ര മുന്നണിയുമായി സഹകരിക്കാൻ തങ്ങൾക്കും താല്പര്യമില്ല. നഗരസഭയിൽ കടുത്ത ഭരണപ്രതിസന്ധിയാണ് നിലവിലുള്ളത്. ചെയർപേഴ്സൺ അടക്കമുള്ളവർ സ്വയം രാജി വെക്കാൻ തയ്യാറാകുകയാണെങ്കിൽ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരേണ്ട ആവശ്യം വരുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Pala Municipality Governing Crisis Left to KPCC; Jose K Mani and Opposition React

More Stories from this section

family-dental
witywide