മുംബൈ: മധ്യപ്രദേശ് സർക്കാരിന്റെ വീഴ്ചകളെ വിമർശിച്ചുകൊണ്ട് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നു എന്ന തലക്കെട്ടോടെ പ്രതീകാത്മക രാജിക്കത്ത് പുറത്തുവിട്ട് കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജിത് ദീപ്‌കെ. അണുബാധ മൂലം ബാലാഘാട്ടിലെ ഗോത്രവിഭാഗത്തിൽപ്പെട്ട കുട്ടികൾ മരിച്ച സംഭവം നേരിട്ടറിയാൻ എത്തിയ സി.ജെ.പി പ്രവർത്തകരെ ചില ഇൻഫ്ലുവൻസർമാർ തടഞ്ഞതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിലൂടെ ദീപ്‌കെയുടെ ഈ വ്യത്യസ്ത പ്രതിഷേധം. സാഗർ മദ്യദുരന്തം, ബാലാഘാട്ടിലെ കുഞ്ഞുങ്ങളുടെ മരണം തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിനെയും സഹപ്രവർത്തകരെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
മധ്യപ്രദേശിലെ ജനങ്ങളെ സേവിക്കാൻ അവസരം നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറയുന്നതായും എന്നാൽ ആ അവസരം ഉപയോഗിക്കുന്നതിൽ താൻ പരാജയപ്പെട്ടുപോയെന്നും പരിഹാസ രൂപേണ എക്സിൽ പങ്കുവെച്ച കത്തിൽ അദ്ദേഹം കുറിച്ചു. മുപ്പതോളം കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി കസേരയിൽ തുടരാൻ മനസ്സാക്ഷി അനുവദിക്കുന്നില്ലെന്നും കൃത്യമായ ചികിത്സ ഉറപ്പാക്കാൻ കഴിയാത്തതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം കത്തിലൂടെ വ്യക്തമാക്കി.
കുട്ടികളുടെ മരണത്തിൽ പ്രഖ്യാപിച്ച നഷ്ടപരിഹാരം തുകയിൽ പോലും വലിയ വില കൽപ്പിക്കാത്തതായി തോന്നിയെന്നും അതിനാൽ ഈ ദുരന്തത്തിന്റെ ഉത്തരവാദിത്വം ഉന്നതതലത്തിൽ തന്നെ ഏറ്റെടുക്കണമെന്നാണ് കരുതുന്നതെന്നും അദ്ദേഹം സർക്കാരിനെ പരിഹസിച്ചു. സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ പോരായ്മകൾ ഒന്നൊന്നായി ചൂണ്ടിക്കാട്ടുന്ന രാജിക്കത്ത് വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ദീപ്‌കെയുടെ ഈ പോസ്റ്റിന് മറുപടിയുമായി സി.ജെ.പി വക്താവ് അശുതോഷ് റാങ്കയും രംഗത്തെത്തിയിട്ടുണ്ട്.
Abhijit Deepke Posts Mock Resignation Letter as MP Chief Minister, Criticizes State Govt










